അമേരിക്കയിലെ ഫിലാഡല്‍ഫിയയിൽ മുഖംമൂടി ധരിച്ച് കൂട്ടമായെത്തിയ നൂറോളം കൗമാരക്കാർ കടകള്‍ കൊള്ളയടിച്ചു. ആപ്പിള്‍ ഫോൺ സ്റ്റോറും ഫുട്ലോക്കർ, ലുലുലെമൻ തുടങ്ങിയ സ്റ്റോറുകളും വ്യാപകമായി കൊള്ളയടിക്കപ്പെട്ടു. ഐ ഫോണുകളടക്കം കൊള്ളക്കാർ കടത്തിക്കൊണ്ടുപോയി.
കവർച്ചയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആള്‍ക്കൂട്ടം കടകള്‍ കീഴടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഫുട് ലോക്കര്‍ സ്റ്റോറിന് മുന്‍പിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന് ആക്രമണത്തിനിരയായി.
സെക്യൂരിറ്റി ഫീച്ചറുകൾ ഉള്ളതിനാല്‍ മോഷ്ടിക്കപ്പെട്ട പല ആപ്പിൾ ഉത്പന്നങ്ങളും പിന്നീട് ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി. സംഭവത്തിൽ ഇരുപതോളം പേരെ അറസ്റ്റ് ചെയ്തതായും ഇവരില്‍നിന്ന് രണ്ട് തോക്കുകൾ കണ്ടെടുത്തതായും ഫിലാഡൽഫിയ പോലീസ് പറഞ്ഞു.
ഇവിടെയുള്ള സിറ്റി ഹാളിലെ സമാധാനപരമായ ഒരു പ്രതിഷേധ യോഗത്തിന് പിന്നാലെയാണ് റിട്ടൻഹൗസ് സ്ക്വയറിന് സമീപം കടകള്‍ കൊള്ളയടിച്ചത്.
കഴിഞ്ഞ മാസം ഒരു പോലീസ് ഓഫീസറുടെ വെടിയേറ്റ് മരിച്ച എഡ്ഡി ഇറിസാരിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ ഒത്തുകൂടിയത്.
ഇവര്‍ സമാധാനപരമായി പിരിഞ്ഞുപോയതിനു പിന്നാലെയായിരുന്നു കവര്‍ച്ച. എന്നാല്‍ പ്രതിഷേധക്കാരല്ല ഈ കവര്‍ച്ചയ്ക്ക് പിന്നിലെന്ന് ഫിലാഡൽഫിയ പോലീസ് ഓഫീസർ ജോൺ സ്റ്റാൻഫോർഡ് വ്യക്തമാക്കി.