ഓൺലൈൻ ഭക്ഷണ വിതരണ ആപ്പുകൾ ഉപയോഗിക്കാത്തവർ വളരെ കുറവാണ്. ഏത് സമയത്ത് ഓർഡർ ചെയ്താലും ഭക്ഷണം പെട്ടന്ന് തന്നെ അരികിലെത്തുമെന്നതാണ് ഇതിന്റെ പ്രത്യേകതയും. സൊമാറ്റോയും സ്വിഗ്ഗിയുമൊക്കെ ഫുഡ് ഡെലിവെറി രംഗത്ത് പ്രശസ്തമാണ്. സമൂഹ മാധ്യമങ്ങളിലാകട്ടെ ഇത്തരത്തിൽ ഫുഡ് ഡെലിവറിയുമായി ബന്ധപ്പെട്ട ചെറിയ കാര്യങ്ങൾ പോലും ആളുകൾ പങ്കുവയ്ക്കാറുണ്ട്.
ഭക്ഷണം താമസിച്ചെത്തുന്നതും, ഓർഡർ ചെയ്തതിന് പകരം മാറ്റി ഭക്ഷണം നൽകുന്നതും, മോശപ്പെട്ട ഭക്ഷണം കൊടുക്കുന്നതുമൊക്കെ ആളുകൾ സോഷ്യൽ മീഡിയയിൽ പരാതിയായി പോസ്റ്റ് ചെയ്യാറുണ്ട്. ഇതിനിടെയാണ് പാതിരാത്രിയില്‍ ഭക്ഷണം കൊണ്ടുവന്ന ഫുഡ് ഡെലിവെറി ഏജന്റ് ടിപ്പ് ചോദിച്ചതിന്റെ സ്ക്രീന്‍ ഷോട്ടുമായി ഒരു യുവതി എത്തിയത്. പിന്നാലെ സോഷ്യൽ മീഡിയ ഉപയോക്താക്കള്‍ യുവതിക്ക് നേരെ തിരിഞ്ഞു.
‘ഇത് വിചിത്രമാണ് ബ്രോ’, pri എന്ന എക്സ് ഉപയോക്ത സൊമാറ്റോ ഡെലിവറിയുടെ ചാറ്റിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി. എന്നാല്‍ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ പ്രതികരണം യുവതിയുടെ പ്രതീക്ഷകള്‍ തെറ്റിച്ചായിരുന്നു. രാത്രി 11.30 ന് ഡെലിവറി ഏജന്റ് പാതിരാത്രിയിലെ ഭക്ഷണ വിതരണത്തിന് ദയവായി ടിപ്പ് നല്കാന് ആവശ്യപ്പെടുന്നതായിരുന്നു യുവതി പങ്കുവച്ച സ്ക്രീൻ ഷോട്ടിൽ ഉണ്ടായിരുന്നത്.
എന്തായാലും പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ വൈറലായി. യുവതിയെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. പാതിരാത്രിയിൽ അയാൾ നിങ്ങൾക്ക് ഭക്ഷണം എത്തിച്ച് തന്നില്ലേ? ഇത്തരം നിസാര കാര്യങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവയ്ക്കാൻ നിങ്ങൾക്ക് എങ്ങനെ തോന്നി? എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.