തൃശൂര്‍: ഗുരുവായൂരിലെ ആനക്കോട്ടയിൽ ആനകളെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പാപ്പാന്മാര്ക്ക് സസ്പെൻഷൻ. മര്‍ദനമേറ്റ കൃഷ്ണ, കേശവൻ കുട്ടി എന്നീ ആനകളുടെ പാപ്പാന്മാരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ജയലളിത നടയ്ക്കിരുത്തിയ ആനയാണ് കൃഷ്ണ.
ആനകളെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇരുവരിൽ നിന്നും വിശദീകരണം തേടിയിരുന്നു. ഒരു മാസം മുമ്പാണ് സംഭവം ഉണ്ടായത്. മൂന്നു ദൃശ്യങ്ങള്‍ കൂട്ടിയിണക്കി ഒറ്റ ആനയെ തല്ലുന്നു എന്നപേരിലാണ് മര്‍ദനത്തിന്റെ വീഡിയോ പ്രചരിച്ചത്.
വീഡിയോയിൽ കൃഷ്ണ, കേശവന് കുട്ടി എന്നീ ആനകളെ ശീവേലിപ്പറമ്പില്‍ കുളിപ്പിക്കുന്നതിനായി കൊണ്ടുവന്നതിന് പിന്നാലെ അടിക്കുന്നതാണ് കാണിക്കുന്നത്.
കുളിക്കാനായി ആന കിടക്കാത്തതിനായിരുന്നു മർദനം. കേശവന് കുട്ടിയെ തല്ലി എഴുനേല്‍പ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മൂന്നാമത്തെ ദൃശ്യം കാലിന് സ്വാധീനക്കുറവുള്ള ഗജേന്ദ്ര എന്ന ആന നടക്കുന്നതാണ്.
സംഭവത്തിൽ ഗുരുവായൂര്‍ ദേവസ്വം അന്വേഷണത്തിന് നിര്‍ദേശം നല്കി. ആനക്കോട്ടയിലെത്തി ഡോക്ടര്‍മാര്‍ ആനകളെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ചതിനുശേഷമാണ് പാപ്പാന്മാർക്കെതിരേ നടപടിയെടുത്തിരിക്കുന്നത്.