മലപ്പുറം: താനൂരിൽ അമ്മ കൊലപ്പെടുത്തി കുഴിച്ചു മുടിയ മൂന്ന് ദിവസം പ്രായമുള്ള നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്തു. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മൃതദേഹം മാറ്റി.
മൂന്ന് ദിവസം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് ജന്മം നൽകിയ കുഞ്ഞിനെ താനൂർ സ്വദേശി ജുമൈലത്ത് കൊലപ്പെടുത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
തുടർന്ന് ചോദ്യം ചെയ്യലിൽ വീടിന് അടുത്തുള്ള പറമ്പിൽ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചു മൂടിയതായി ഇവർ പോലീസിനോട് പറഞ്ഞു. പിന്നാലെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഒരുവര്‍ഷത്തിലേറെയായി ഭര്‍ത്താവുമായി പിരിഞ്ഞാണ് ജുമൈലത്ത് താമസിക്കുന്നത്. ഇതേ തുടര്‍ന്നുള്ള മാനസിക ബുദ്ധിമുട്ടുകള്‍ കൊണ്ടും പ്രസവം നടന്നതായി മറ്റാരും അറിയാതിരിക്കാനുമായാണ് താന്‍ കുഞ്ഞിനെ കൊന്നതെന്നും യുവതി പോലീസിനോട് വെളിപ്പെടുത്തി.
ഫെബ്രുവരി 26ന് ആണ് ജുമൈലത്ത് കോഴിക്കോട് മെഡിക്കൽ കോളജിൽവച്ച് കുഞ്ഞിന് ജന്മം നൽകുന്നത്. തുടർന്ന് താനൂരിലെ വീട്ടിലേക്ക് കുഞ്ഞുമായെത്തുകയും ബക്കറ്റിലെ വെള്ളത്തിൽ കുഞ്ഞിനെ മുക്കിക്കൊന്നതിന് ശേഷം കുഴിച്ചുമൂടുകയുമായിരുന്നു.