തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിനു മേൽ കുരുക്കു മുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
കരുവന്നൂർ ബാങ്കിലും മറ്റും ഇഡി നടത്തിയ വിവിധ പരിശോധനകളുടെ വിശദമായ വിവരങ്ങൾ ഇഡി തെരഞ്ഞെടുപ്പു കമ്മീഷന് കൈമാറി. ഈ വിവരങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും കേന്ദ്രധനമന്ത്രാലയത്തിനും നൽകിയിട്ടുണ്ട്.
കരുവന്നൂരിൽ ഇഡി കണ്ടെത്തിയ അഞ്ച് രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങളാണ് ഇപ്പോൾ ഇവർക്ക് കൈമാറിയതെന്നാണ് വിവരം.
ഈ അക്കൗണ്ടുകൾ തുടങ്ങിയതു മുതൽ ചട്ടലംഘനങ്ങളുടെ പരന്പര തന്നെ സംഭവിച്ചിട്ടുണ്ടെന്നാണ് ഇഡിയുടെ പരാമർശം.
അക്കൗണ്ടുകൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് സഹകരണ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടെന്നും ബാങ്കിന്റെ ബൈലോ തന്നെ അട്ടിമറിച്ചാണ് ഇതെല്ലാം നടത്തിയതെന്നും ഇഡി തെരഞ്ഞെടുപ്പ് കമ്മീഷനു കൊടുത്ത റിപ്പോർട്ടിൽ പറഞ്ഞതായാണ് വിവരം.