ആലപ്പുഴ: വിഷു ബംബർ കോടീശ്വരനെ കണ്ടെത്തി. ഈ വർഷത്തെ വിഷുബംബർ ലോട്ടറിയായ ഒന്നാം സമ്മാനം 12 കോടി രൂപ നേടിയത് ആലപ്പുഴ പഴവീട് സ്വദേശി പ്ലാംപറമ്പിൽ വിശ്വംഭരനാണ് (76) ആ ഭാഗ്യവാൻ. സിആർഎഫ് വിമുക്തഭടനായ വിശ്വംഭരൻ ഇപ്പോൾ വിശ്രമജീവിതത്തിലാണ്.
കുറച്ചുനാൾ എറണാകുളത്തെ ഒരു ബാങ്കിൽ സെക്യൂരിറ്റി ജോലിയും ചെയ്തിരുന്നു. ഒരു വീട് വയ്ക്കണം, അർഹരായ പാവങ്ങളെ സഹായിക്കണം. വാർത്ത അറിഞ്ഞയുടൻ ആളുകളെത്തുമോയെന്നാണ് പേടിയെന്നും വിശ്വംഭരൻ പറഞ്ഞു.
സ്ഥിരം ലോട്ടറിയെടുക്കുന്നയാളാണ്. എല്ലാത്തവണയും വിഷു ബംബറെടുക്കാറുണ്ട്. അയ്യായിരം രൂപയുടെ മറ്റൊരു സമ്മാനവും എടുത്ത വേറൊരു ടിക്കറ്റിന് ലഭിച്ചിട്ടുണ്ട്.
ബംബറടിച്ച വിവരം ഇന്നലെ രാത്രി വീട്ടുകാരോടാണ് ആദ്യം പറഞ്ഞത്. തുടർന്ന് ഇന്നു രാവിലെ ലോട്ടറി ഏജൻസിയിലെത്തി വിവരം പറയുകയായിരുന്നു.