ആലപ്പുഴ: താമരക്കുളത്ത് കഴിഞ്ഞദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ കുളങ്ങളിലെ വളര്‍ത്തു മത്സ്യങ്ങള്‍ ഒഴുകിപ്പോയി. ലക്ഷങ്ങളുടെ നഷ്ടം. കര്‍ഷകനായ താമരക്കുളം ചത്തിയറ കെ. ആര് ഭവനത്തില്‍ കെ.ആര്. രാമചന്ദ്രന്റെ മത്സ്യകൃഷിയിടത്തിലാണ് വെള്ളം കയറിയത്.
ചത്തിയറ പുതുച്ചിറയ്ക്കു സമീപം അഞ്ച് ഏക്കറോളം സ്ഥലത്ത് അഞ്ചു കുളങ്ങളിലായിട്ടായിരുന്നു മത്സ്യകൃഷി. കട്ട്ള, കരിമീന്‍, വരാല്, മുഷി തുടങ്ങിയ ഇനങ്ങളായിരുന്നു 10 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് കൃഷിചെയ്തിരുന്നതെന്ന് രാമചന്ദ്രന് പറഞ്ഞു.
ട്രോളിംഗ് നിരോധനം ലക്ഷ്യമിട്ട് രണ്ടാഴ്ചയ്ക്കകം വിളവെടുക്കാനിരിക്കെയാണ് ശക്തമായ മഴയില്‍ മത്സ്യങ്ങള്‍ ഒഴുകിപ്പോയത്. പ്രതീക്ഷിച്ചിരുന്ന വരുമാനം ഉള്‍പ്പെടെ 50 ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായതെന്നു രാമചന്ദ്രന് പറയുന്നു. ഗ്രാമപഞ്ചായത്ത് -കൃഷി ഫിഷറീസ്വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എത്തി നഷ്ടങ്ങള്‍ വിലയിരുത്തി.
മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുവന്ന് സൂക്ഷിക്കുന്നതിനും മറ്റുമായി നിര്‍മിച്ചിരുന്ന ഷെഡ്ഡും നശിച്ചിട്ടുണ്ട്. തീറ്റവാങ്ങിയ ഇനത്തില്‍ മാത്രം രണ്ടുലക്ഷത്തിലധികം രൂപയാണ് ബാധ്യതയുള്ളത്. പലരില്‍നിന്നായി കടമെടുത്ത തുകകള്‍ വേറെയും. സര്‍ക്കാരിന്റെ സഹായം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു രാമചന്ദ്രന്.