ഐസ്ക്രീമിൽ നിന്ന് മനുഷ്യ വിരൽ ലഭിച്ച സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പോലീസ്. ‘യമ്മോ’ ഐസ്ക്രീമിന്റെ പൂണെ ഫാക്ടറിയിലെ ജീവനക്കാരന്റെ വിരലാണ് ഐസ്ക്രീമിൽ ഉണ്ടായിരുന്നതെന്നാണ് പോലീസ് പറയുന്നത്.
സംഭവം വിവാദമായതിന് പിന്നാലെയാണ് ഫാക്ടറിയിൽ പോലീസ് വിശദമായ പരിശോധന നടത്തിയത്. പരിശോധനയിൽ കൈവിരലിന് സാരമായി പരിക്കേറ്റ ജീവനക്കാരനെ പോലീസ് കണ്ടെത്തി.
ഈ വിരൽ ജീവനക്കാരന്റേത് തന്നെയാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി ഡിഎൻഎ പരിശോധന നടത്തുമെന്നും ഇതിനായി സാംപിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
മനുഷ്യ വിരൽ ഐസ്ക്രീമിൽ കണ്ടെത്തിയതിന് പിന്നാലെ ഐസ്ക്രീം കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. എഫ്എസ്എസ്എഐ യാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്.
ഐസ്ക്രീം കമ്പനിയിൽ എഫ്എസ്എസ്എഐയുടെ വെസ്റ്റേൺ റീജിയൻ ഓഫീസിൽ നിന്നുള്ള സംഘം പരിശോധന നടത്തിയ ശേഷമാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. 26കാരനായ ഡോക്ടറാണ് ഐസ്ക്രീമിൽ നിന്ന് മനുഷ്യ വിരൽ കണ്ടെത്തിയതിന് തുടർന്ന് പരാതി നൽകിയത്.
മൂന്ന് കോൺ ഐസ്ക്രീമായിരുന്നു ഓർഡർ ചെയ്തത്. എന്നാൽ ബട്ടർ സ്കോച്ച് ഐസ്ക്രീം കഴിച്ചുതുടങ്ങിയപ്പോഴാണ് വായിൽ അസാധാരണമായി എന്തോ തടഞ്ഞതെന്ന് ഡോക്ടർ പറഞ്ഞു. തുടർന്ന് മലാഡ് പോലീസിൽ പരാതി നൽകുകയായിരുന്നു.