കുറ്റിക്കോൽ (കാസർഗോഡ്): കുറ്റിക്കോൽ പള്ളഞ്ചിയിൽ പയസ്വിനി പുഴയ്ക്ക് കുറുകേയുള്ള ചപ്പാത്തിൽനിന്ന് കാർ പുഴയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടുപേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കാർ ഒഴുകിപ്പോയി.
ഇന്ന് രാവിലെയായിരുന്നു സംഭവം. അമ്പലത്തറ സ്വദേശികളായ അബ്ദുൽ റാഷിദ് (35), തസ്രീഫ് (36) എന്നിവരാണ് കാറിലുണ്ടായിരുന്നത്. പാണ്ടി വനത്തിനുള്ളിലെ കൈവരികളില്ലാത്ത ചപ്പാത്തിനു മുകളിലൂടെ പുഴ കരകവിഞ്ഞൊഴുകുകയായിരുന്നു.
കർണാടകയിലെ ഉപ്പിനങ്ങാടിയിലേക്ക് പോവുകയായിരുന്ന ഇവർ ഗൂഗിൾ മാപ്പ് നോക്കിയാണ് ഈ വഴി വന്നതെന്ന് സംശയിക്കുന്നു. ചപ്പാത്തിനടിയിൽ കുടുങ്ങിയിരുന്ന ഒരു മരത്തടിയിൽ പിടികിട്ടിയതാണ് ഇവർക്ക് രക്ഷയായത്.
കുറ്റിക്കോലിൽ നിന്നും അഗ്നിരക്ഷാസേനയെത്തി ഫൈബർ ബോട്ടിറക്കിയാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്.