2018 മേയിൽ അഹ്സാൻ എന്ന യുവാവ് ഫ്ളിപ്പ്കാർട്ടിൽ ഒരു ജോഡി ചെരിപ്പ് ഓർഡർ ചെയ്തിരുന്നു. 485 രൂപ വിലയുള്ള സ്പാർക്സ് സ്ലിപ്പർ ആണ് ഓർഡർ ചെയ്തത്. പണവും അടച്ചു. 2018 മേയ് 20നകം ചെരിപ്പ് ലഭിക്കുമെന്ന അറിയിപ്പ് പിന്നാലെ എത്തി.
എന്നാൽ പറഞ്ഞ സമയത്ത് ചെരിപ്പ് യുവാവിനു കിട്ടിയില്ല. രണ്ടുമൂന്നു പ്രാവശ്യം ഫ്ളിപ്പ്കാർട്ടുമായി ബന്ധപ്പെട്ടെങ്കിലും പരിശോധിക്കട്ടെ, വൈകാതെ ഡെലിവറി ഉണ്ടാകും എന്നുള്ള മറുപടികളാണു ലഭിച്ചത്.
താൻ കബളിപ്പിക്കപ്പെട്ടു എന്നു മനസിലാക്കിയ യുവാവ് ചെറിയ തുകയുടെ ആ ഓർഡർ മറന്നു. മാസങ്ങളും വർഷങ്ങളും കടന്നുപോയി. കഴിഞ്ഞദിവസം ഫ്ളിപ്പ്കാർട്ടൽനിന്ന് ഒരു ഫോൺവിളി അഹ്സാനെ തേടിയെത്തി.
ഓർഡർ സംബന്ധിച്ച പരാതി പരിഹരിക്കാനായിരുന്നു വിളിവന്നത്. ആറു വർഷം മുമ്പത്തെ ഓർഡറിന്റെ സ്ക്രീൻഷോട്ട് സഹിതം ഇക്കാര്യം എക്സിൽ അദ്ദേഹം പങ്കുവച്ചു. ലക്ഷങ്ങളാണ് പോസ്റ്റ് കണ്ടത്.
സംഭവത്തിൽ ഫ്ളിപ്പ്കാർട്ടിനെതിരേ ട്രോളുകളുടെ പെരുമഴതന്നെ ഉണ്ടായി. “നിങ്ങളുടെ കമ്പനി സ്ഥിതി ചെയ്യുന്നതു ചൊവ്വയിലാണോ, അവിടെനിന്നാണോ ചെരിപ്പ് വരുന്നത്’ എന്നൊക്കെ ചോദിച്ചായിരുന്നു ട്രോളുകൾ.