ചാത്തന്നൂർ:സർവീസിനിടയിൽ കെഎസ്ആർടിസി ബസുകൾ ബ്രേക്ക്ഡൗണായാൽ തകരാർ പരിഹരിക്കുന്നതിന് റാപ്പിഡ് റിപ്പയർ ടീം സജ്ജമാക്കുന്നു. ബസുകൾ തകരാറിലാകുമ്പോൾ അത് കെഎസ്ആർടിസി ഡിപ്പോകളിൽ അറിയിച്ച് വലിയ വർക്ക് ഷോപ്പ് വാനുകൾ ഡിപ്പോകളിൽ നിന്നെത്തി തകരാറ് പരിഹരിക്കുകയാണ് പതിവ്. നിലവിലെ ഈ സമ്പ്രദായം കാലതാമസം വരുത്തുന്നു.
അത്ഒഴിവാക്കി, അതിലൂടെ യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനാണ് കെഎസ്ആർടിസി റാപ്പിഡ് റിപ്പയർ ടീം ആരംഭിക്കുന്നത്.റാപ്പിഡ് റിപ്പയർ ടീമിനായി നാല് വീലുകളുള്ള അലൂമിനിയം കവേർഡ് ബോഡിയുള്ള മിനി ട്രക്കുകളാണ് ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തിൽ പത്തു യൂണിറ്റ് റാപ്പിഡ് റിപ്പയർ ടീമുകൾ രൂപീകരിക്കും.
ഓരോ ടീമിലും ആവശ്യമായ മെക്കാനിക്കുകളെയും ടയറുകൾ ഉൾപ്പെടെ സ്പെയർപാർട്സും കരുതിയിരിക്കും. അന്തർസംസ്ഥാന സർവീസുകൾ ഉൾപ്പെടെ ബ്രേക്ക്ഡൗണാകുന്ന ബസുകളുടെ തകരാറുകൾ പരിഹരിക്കുന്ന തരത്തിൽ പ്രത്യേക പ്രദേശങ്ങൾ തിരിച്ച് ടീമുകളെ നിയോഗിക്കും.
24 മണിക്കൂറും സേവനം ലഭ്യമാകുന്ന തരത്തിലാണ് റാപ്പിഡ് റിപ്പയർ ടീമുകളെ നിയോഗിക്കുന്നത്. പത്തു വാഹനങ്ങളാണ് ആദ്യഘട്ടത്തിൽ വാങ്ങുന്നത്.