തൃശൂർ: വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാനായി നിർമിച്ച തൃശൂർ കോർപറേഷന്റെ ബങ്കുകൾ മഴയും വെയിലുമേറ്റ് അനാഥമായി കിടക്കുന്നു. ഒന്നും രണ്ടുമല്ല എട്ടോളം ബങ്കുകളാണ് ഇത്തരത്തിൽ കോർപറേഷൻ സ്റ്റേഡിയത്തിനോട് ചേർന്നുള്ള വഴിയോരത്ത് നാഥനില്ലാത്ത കിടക്കുന്നത്.
ജയ്ഹിന്ദ് മാർക്കറ്റിൽ കോണ്‍ക്രീറ്റിംഗ് നടത്തിയതിനു ശേഷം മാർക്കറ്റിൽ നിരത്തിയിട്ട് കച്ചവടം ചെയ്യുന്ന കച്ചവടക്കാരെ പുനരധിവസിപ്പിക്കാമെന്ന നല്ല ആശയത്തോടെ നിർമിച്ച ബങ്കുകളാണ് നിലവിൽ പലരും പ്രാഥമിക കർത്തവ്യങ്ങൾ നിർവഹിക്കാനുള്ള മറയായി ഉപയോഗിക്കുന്നത്.
മാർക്കറ്റിലെ കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പല വാദപ്രതിവാദങ്ങളും ഉണ്ടായ സാഹചര്യത്തിലാണ് ബങ്കുകൾ കൈമാറുന്നത് നീണ്ടുപോകാനിടയാക്കുന്നത്. വഴിയോര കച്ചവടക്കാരുടെ വിഷയങ്ങളിൽ കോടതി വരെ ഇടപെട്ട സാഹചര്യത്തിൽ പുനരധിവാസം എത്രയും വേഗം നടപ്പിലാക്കാനും നടപടികൾ പുരോഗമിക്കുന്നുണ്ട്.
പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ റെഡ് സോണ്‍ ആക്കാൻ ഇടയുള്ള ഭാഗങ്ങൾ ഒഴിവാക്കിയും കോർപറേഷന്റെ കയ്യിൽ ലിസ്റ്റ് ഉള്ളവരിൽ നിന്നും അർഹരായ കച്ചവടക്കാരെയായുമാണ് ഇത്തരം ബങ്കുകളിലേക്ക് മാറ്റുക. അതിനായി റോഡരികിൽ നിന്നും വിട്ട് സ്ഥലമുള്ള ഭാഗങ്ങളിൽ അവ സ്ഥാപിക്കും.
പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കൗണ്‍സിൽ അംഗീകാരം ലഭിച്ചതിശേഷം മാത്രമേ ബങ്കുകൾ കൈമാറുകയുള്ളു. വൃത്തിയുള്ള സാഹചര്യങ്ങളും അളവിലുള്ള സ്ഥലങ്ങളും പലയിടങ്ങളിലുമായി കോർപറേഷൻ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. എട്ടടി വലുപ്പത്തിൽ ഉറപ്പുള്ളതും സുരക്ഷിതത്വവുമുള്ള ബങ്കുകൾ ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. കൈമാറ്റം നീളും തോറും നാടിന്റെ മറ്റൊരു വികസന സ്വപ്നം കൂടി നശിക്കുമോ എന്ന ആശങ്കയും കച്ചവടക്കാർക്കുണ്ട്.