മൂവാറ്റുപുഴ : കൊച്ചി മെട്രോ റെയിൽ മൂവാറ്റുപുഴയിലേക്ക് നീട്ടണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർക്ക് എംഎൽഎ കത്ത് നൽകി. കൊച്ചി മെട്രോ ലൈൻ മൂവാറ്റുപുഴയിലേക്ക് നീട്ടുന്നതിന് സമഗ്രമായ പഠനവും ചർച്ചയും ഉണ്ടാകണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.
കിഴക്കൻ മേഖലയിൽ നിന്നും കൊച്ചിയിലേക്ക് പോകുന്നതിന് ആശ്രയിക്കുന്ന ഏകകേന്ദ്രം മൂവാറ്റുപുഴ പട്ടണം വഴിയുള്ള യാത്ര തന്നെയാണ്. മൂവാറ്റുപുഴ പട്ടണം യാത്രക്ലേശം മൂലം വീർപ്പുമുട്ടുകയാണ്. കൊച്ചിയിൽ നിന്ന് കാക്കനാട്ടേയ്ക്ക് കൊച്ചി മെട്രോ റെയിൽ നീട്ടുന്ന ഈ അവസരത്തിൽ മൂവാറ്റുപുഴയിലേക്ക് റെയിൽ ഗതാഗതം നീട്ടുന്നതിന്റെ പ്രസക്തി വർധിച്ചിരിക്കുകയാണ്.
ഇവിടുത്തെ ജനങ്ങളുടെ യാത്രാദുരിതം അവസാനിപ്പിക്കുക എന്ന ചിരകാല അഭിലാഷം സഫലീകരിക്കുന്നതിന് കൊച്ചി മെട്രോ ലൈൻ മൂവാറ്റുപുഴയിലേക്ക് നീട്ടുന്നതിന് നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.ഏറ്റവും കൂടുതൽ സാറ്റലൈറ്റ് സിറ്റിയുടെ സാധ്യതയുള്ള നഗരമാണ് മൂവാറ്റുപുഴ. കിഴക്കൻ മേഖല പലപ്പോഴും വികസനകാര്യങ്ങളിൽ അവഗണിക്കപ്പെട്ടിരിക്കുകയാണ്.
അതുകൊണ്ടുതന്നെ ഒരു ജില്ല വേണമെന്ന് ആവശ്യം പോലും ഇവിടെനിന്നും ഉയർന്നു വരുന്നുണ്ട്. ഇതിനൊക്കെ ഒരു പരിഹാരം കാണാൻ കഴിയുന്നതാണ് നഗരത്തിന്റെ സ്വാഭാവിക വളർച്ച. കാക്കനാട് ഇൻഫോപാർക്കിൽ അടക്കം ജോലി ചെയ്യുന്നവർക്ക് കുറച്ചുകൂടി ഗ്രാമീണ അന്തരീക്ഷത്തിലും സാന്പത്തിക ലാഭത്തോടുകൂടി ജീവിക്കാനും ഉല്ലാസകരമായ ജീവിത സാഹചര്യമൊരുക്കാനും കിഴക്കൻ മേഖലകൾക്ക് കഴിയുമെന്നും ഇത് ഐടി മേഖലയുടെയുടെയും പ്രദേശത്തിന്റെയും വികസനത്തിനും സാധ്യമാകുമെന്നും എംഎൽഎ വ്യക്തമാക്കി.