ന്യൂഡൽഹി: വനിതാ ഡോക്ടറുടെ ഫോണിൽനിന്ന് അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഓൺലൈൻ തട്ടിപ്പ് സംഘം 59.5 ലക്ഷം രൂപ തട്ടിയെടുത്തു. നോയിഡ സെക്ടർ 77-ൽ താമസിക്കുന്ന ഡോ. പൂജ ഗോയലിനെ കബളിപ്പിച്ചാണ് പണം തട്ടിയത്.
ജൂലൈ 13നായിരുന്നു കേസിനാസ്പദമായ സംഭവം. ടെലിഫോൺ റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തി ഡോക്ടർ പൂജ ഗോയലിന് ഒരു ഫോൺ കോളെത്തി. ഡോക്ടറുടെ ഫോണിൽനിന്ന് അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചെന്നാണ് ഇയാൾ ആരോപിച്ചത്. എന്നാൽ ഡോക്ടർ ഇത് നിഷേധിച്ചു. ഇതോടെ വീഡിയോ കോൾ കണക്ട് ചെയ്യണമെന്നും തെളിവ് കാണിക്കാമെന്നും ഇയാൾ പറഞ്ഞു.
വീഡിയോകോൾ സ്വീകരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം ആയിരിക്കുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടറെ വീഡിയോ കോളിൽ ആഡ് ചെയ്തു. വീഡിയോ കോൾ സ്വീകരിച്ചതോടെ യുവതിയോട് തട്ടിപ്പ് സംഘം ഡിജിറ്റൽ അറസ്റ്റിലാണെന്ന് പറഞ്ഞു. 48 മണിക്കൂറോളം ഡോക്ടറെ ഭീഷണിപ്പെടുത്തിയ സംഘം ഇതിനിടെ 59,54,000 രൂപ ഒരു അക്കൗണ്ടിലേക്ക് അയപ്പിച്ചു.
താൻ കബളിപ്പിക്കപ്പെട്ടുവെന്ന് പിന്നീടു മനസിലാക്കിയ ഡോക്ടർ സൈബർ ക്രൈം സെല്ലിൽ പരാതി നൽകുകയായിരുന്നു. പൂജ പണം കൈമാറിയ അക്കൗണ്ടിന്റെ വിശദാംശങ്ങൾ കണ്ടെത്തിയതായി നോയിഡ സൈബർ ക്രൈം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ വിവേക് രഞ്ജൻ റായ് പറഞ്ഞു.