പാരീസ്: 33-ാം ഒളിന്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനുശേഷമുള്ള ആദ്യദിനത്തിൽ ഇന്ത്യക്കായി മലയാളികൾ കളത്തിൽ. 117 അംഗ ഇന്ത്യൻ സംഘത്തിൽ ഏഴ് മലയാളികളാണുള്ളത്. അതിൽ ഹോക്കി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ്, ബാഡ്മിന്റണ്‍ താരം എച്ച്.എസ്. പ്രണോയ് എന്നിവർ കളത്തിലിറങ്ങും.
ടോക്കിയോ ഒളിന്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീം പൂൾ ബിയിൽ തങ്ങളുടെ ആദ്യ മത്സരത്തിനു തയാറായിക്കഴിഞ്ഞു. ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി ഒന്‍പതിനാണ് ഇന്ത്യ x ന്യൂസിലൻഡ് ഹോക്കി പോരാട്ടം.
1980നുശേഷം ഇന്ത്യക്കു ഹോക്കിയിലൂടെ ആദ്യമായി ഒളിന്പിക് മെഡൽ ലഭിച്ചത് 2021ൽ നടന്ന ടോക്കിയോ ഒളിന്പിക്സിലൂടെയായിരുന്നു. പി.ആർ. ശ്രീജേഷിന്റെ അവസാന ടൂർണമെന്റാണ് 2024 ഒളിന്പിക്സ്.
പുരുഷ ബാഡ്മിന്റണ്‍ സിംഗിൾസ് ഗ്രൂപ്പ് ഘട്ടത്തിലെ പോരാട്ടത്തിനാണ് പ്രണോയ് കളത്തിലെത്തുന്നത്. നിലവിലെ ഷെഡ്യൂൾ അനുസരിച്ച് ഇന്ത്യയുടെ ബാഡ്മിന്റണ്‍ മത്സരങ്ങൾ ഇന്നു മുതൽ ആരംഭിക്കും. പ്രണോയിയുടെ മത്സരം നാളെ രാത്രി എട്ടിനാണ്.
ഇടി, വെടി, തുഴ
ബാഡ്മിന്റണ്‍, തുഴച്ചിൽ, ഷൂട്ടിംഗ്, ടെന്നീസ്, ടേബിൾ ടെന്നീസ്, ബോക്സിംഗ്, ഹോക്കി മത്സരങ്ങളിൽ ഇന്ത്യൻ താരങ്ങൾ ഇന്നു കളത്തിലുണ്ട്. ബാഡ്മിന്റണ്‍ പുരുഷ സിംഗിൾസിൽ ലക്ഷ്യ സെൻ ഇന്ത്യക്കായി കളത്തിലെത്തും. രാത്രി 7.10നാണ് ലക്ഷ്യയുടെ മത്സരം.
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളായ ചിരാഗ് ഷെട്ടി – സാത്വിക് സായ്രാജ് സഖ്യം ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ പോരാട്ടത്തിനായി കളത്തിലുണ്ട്. വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ-ടാനിഷ ക്രാസ്റ്റൊ കൂട്ടുകെട്ടും ഇന്നിറങ്ങും.
പുരുഷന്മാരുടെ സിംഗിൾസ് സ്കൾസ് തുഴച്ചിലാണ് ഇന്ന് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യക്കായി ബൽരാജ് പൻവർ തുഴയെറിയും.
ഷൂട്ടിംഗ് മിക്സഡ് 10 മീറ്റർ എയർ റൈഫിൾ, പുരുഷ-വനിതാ 10 മീറ്റർ എയർ റൈഫിൾ പോരാട്ടങ്ങളും ഇന്നു നടക്കും. പുരുഷ സിംഗിൾസ് ടേബിൾ ടെന്നീസ് (ഹർമീത് ദേശായി), പുരുഷ ഡബിൾസ് ടെന്നീസ് മത്സരങ്ങളും ഇന്നു നടക്കും. പുരുഷ ഡബിൾസ് ടെന്നീസിൽ രോഹൻ ബൊപ്പണ്ണ-ശ്രീരാം ബാലാജി സഖ്യമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുക.
ബോക്സിംഗ് റിംഗിൽ പ്രീതി പവാറാണ് ഇന്ത്യൻ ജഴ്സി അണിയുന്നത്. ഇന്ത്യൻ സമയം അർധരാത്രി 12.02ന് പ്രീതി വിയറ്റ്നാമിന്റെ തി കിം അഹ്നിയെ നേരിടും.