കുമരകം: കുമരകം നാലുപങ്കുഭാഗത്ത് ആടുമോഷണം പതിവാകുന്നു. ഒരു വീട്ടിലെ രണ്ടു ആടുകളാണ് മോഷണം പോയത്. മൂലംങ്കുത്ര അന്നമ്മയുടെ ആടുകളാണു നഷ്ടപ്പെട്ടത്.
ഏഴു വർഷങ്ങളായി ആടുകളെ വളർത്തിയാണ് ഈ വീട്ടമ്മ ഉപജീവനം നടത്തുന്നത്. 30 ആടുകളെ വരെ ഒരുമിച്ച് വളർത്തിയിരുന്നു. എന്നാൽ കഴിഞ്ഞ മാസം ഒരാട്ടിൻ കുട്ടിയെ പട്ടാപ്പകൽ കാണാതായി.
കഴിഞ്ഞ ദിവസം നാലുവയസുള്ള ഗർഭിണിയായ മറ്റൊരാടിനെയും കാണാതായി. നാലുപങ്കുപ്രദേശത്ത് പകൽ സമയങ്ങളിൽ ആടിനെ അഴിച്ചുവിടുക പതിവായിരുന്നു.
കൂട്ടമായി മേഞ്ഞുനടന്ന ശേഷം സന്ധ്യയോടെ ഇവയെല്ലാം തിരികെയെത്തി കൂട്ടിൽ കയറുകയും ചെയ്തു കൊണ്ടിരുന്നു. എന്നാൽ ആടുകൾ മോഷണം പോകാൻ തുടങ്ങിയതോ മേയാൻ വിടാൻ പറ്റാതായി.
ആടുകളെ കാണാതാകുന്നത് പതിവായതോടെ കൂട്ടിൽ തന്നെ തീറ്റ കൊടുത്ത് വളർത്തേണ്ട സാഹചര്യമാണിപ്പോൾ. കുമരകം പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നു വീട്ടമ്മ പറഞ്ഞു.