തിരുവനന്തപുരം: ന്യൂസിലൻഡിലേക്ക് അനധികൃത നഴ്സിംഗ് റിക്രൂട്ട്മെന്റ് നടക്കുന്നതായും ജാഗ്രത പാലിക്കണമെന്നും വിദേശകാര്യമന്ത്രാലയം.
കോന്പറ്റൻസ് അസെസ്മെന്റ് പ്രോഗ്രാമിലും (ക്യാപ്) നഴ്സിംഗ് കൗണ്‍സിൽ രജിസ്ട്രേഷനുമായി കേരളത്തിൽനിന്നുള്ള നഴ്സിംഗ് പ്രഫഷണലുകൾ വിസിറ്റിംഗ് വിസയിൽ അനധികൃതമായി ന്യൂസിലൻഡിലെത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കേന്ദ്രവിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിർദേശം നൽകിയത്.
ക്യാപിൽ പങ്കെടുക്കാൻ വിസിറ്റിംഗ് വിസയ്ക്ക് ഏജന്റുമാർക്ക് വൻ തുകകൾ ഉദ്യോഗാർഥികൾ നൽകുന്നുണ്ട്. എന്നാൽ ക്യാപ് പൂർത്തിയാക്കിയിട്ടും നഴ്സിംഗ് കൗണ്‍സിൽ രജിസ്റ്റർ ചെയ്തശേഷവും, അവിടെ ജോലി കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുന്നവരുടെ നിരവധി പരാതികൾ ന്യൂസിലന്‍ഡ് വെല്ലിംഗ് ട ണിലെ ഇന്ത്യൻ എംബസിക്ക് ലഭിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യ മന്ത്രാലയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ റസിഡന്റ് കമ്മീഷണർമാർക്ക് കത്ത് നൽകിയത്.
കോവിഡ് മഹാമാരിയെ തുടർന്ന് ന്യൂസിലൻഡിൽ ഉണ്ടായിരുന്ന നഴ്സിംഗ് ക്ഷാമം ഇന്ത്യയിൽനിന്നും ഫിലിപ്പീൻസിൽനിന്നുമുള്ള നഴ്സുമാരുടെ വരവോടെ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യൻ എംബസി അറിയിച്ചു. ഇക്കാര്യത്തിൽ അംഗീകാരമില്ലാത്ത ഏജന്റുമാരുടെ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുത്.
ന്യൂസിലൻഡിലെ നഴ്സിംഗ് മേഖലയിലെ വിസയുടെ ആധികാരികതയെക്കുറിച്ചും തൊഴിലുടമയെക്കുറിച്ചും [email protected] എന്ന ഇ-മെയിൽ ഐഡിയിൽ ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെട്ടാൽ അറിയാൻ കഴിയും.
റിക്രൂട്ട്മെന്റ് ഏജൻസിയുടെ ആധികാരികത ഉറപ്പാക്കാൻ ഇ-മൈഗ്രേറ്റ് പോർട്ടൽ സന്ദർശിക്കുക. വിദേശ തൊഴിൽ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ [email protected], [email protected] എന്നീ ഇ-മെയിലുകൾ വഴിയും, 0471-2721547 എന്ന ഹെൽപ്പ് ലൈൻ നന്പറിലും അറിയിക്കാം.