ബുഡാപെസ്റ്റ്: നാല്പത്തിയഞ്ചാമത് ചെസ് ഒളിന്പ്യാഡിൽ ഇന്ത്യക്കു ചരിത്ര സ്വർണം. ചെസ് ഒളിന്പ്യാഡിൽ ഓപ്പണ്‍ വിഭാഗത്തിലും വനിതാ വിഭാഗത്തിലുമാണ് ഇന്ത്യ സ്വർണം നേടിയത്. ഓപ്പണ്‍, വനിതാ വിഭാഗങ്ങളിൽ ഇന്ത്യ ആദ്യമായാണ് സ്വർണം നേടുന്നത്.
ന്നലെ നടന്ന ആവേശപ്പോരാട്ടത്തിൽ അവസാന റൗണ്ടിൽ സ്ലോവേനിയയെ തോൽപ്പിച്ചാണ് ഓപ്പണ്‍ വിഭാഗത്തിൽ ഇന്ത്യയുടെ സ്വർണനേട്ടം. ഇതോടെ ഇന്ത്യ 21 പോയിന്റുമായി ഒന്നാമതെത്തി. വനിതാ വിഭാഗത്തിൽ അവസാന റൗണ്ടിൽ അസർബൈജാനെ തോൽപ്പിച്ച് 19 പോയിന്റുമായാണ് ഇന്ത്യ സ്വർണത്തിലെത്തിത്.
ഓപ്പണ്‍ വിഭാഗത്തില്‍ അമേരിക്ക വെള്ളിയും ഉസ്ബക്കിസ്ഥാന് ബ്രോണ്‍സും കരസ്ഥമാക്കി വനിതാ വിഭാഗത്തില്‍ കസാക്കിസ്ഥാന്‍ വെള്ളിയും അമേരിക്ക വെങ്കലവും കരസ്ഥമാക്കി.
ഓപ്പൺ വിഭാഗത്തിൽ അവസാന റൗണ്ടിൽ ഇന്ത്യ 3.5-05ന് സ്ലോവേനിയയെ പരാജയപ്പെടുത്തി. അർജുൻ എറിഗാസി, ജാൻ സുബെൽജിനെ പരാജയപ്പെടുത്തിക്കൊണ്ട് ആദ്യ ജയം സ്വന്തമാക്കി. രണ്ടാം മത്സരത്തിൽ ഡി. ഗുകേഷ് വ്ളാഡിമിർ ഫെഡോസീവിനെ തോൽപ്പിച്ചുകൊണ്ട് രണ്ടാം ജയവും ഇന്ത്യക്കു നൽകി. മൂന്നാം മത്സരത്തിൽ ആർ. പ്രഗ്നാനന്ദയുടെ വകയായിരുന്നു ജയം. പ്രഗ്നാനന്ദ, ആന്റണ്‍ ഡെംചെങ്കോയെ പരാജയപ്പെടുത്തി.
വിദിത് ഗുജറാത്തി, മതേജ് സെബെനിക്കിനെ സമനിലയിൽ തളച്ചു. ഇതോടെ മറ്റു ടീമുകളുടെ ഫലത്തിനായി കാക്കാതെതന്നെ ഇന്ത്യ ടീം സ്വർണ മെഡൽ ഉറപ്പിച്ചു. ഡി. ഗുകേഷ്, അർജുൻ എറിഗൈസി എന്നിവർ യഥാക്രമം ബോർഡ് നന്പർ 1, 3 എന്നിവയിൽ വ്യക്തിഗത ബോർഡ് മെഡലുകൾ നേടിയിട്ടുണ്ട്. ടീം സ്കോറിൽ ഇന്ത്യയുടെ രണ്ടു പോയിന്റ് പിന്നിൽ ഉണ്ടായിരുന്ന ചൈന അമേരിക്കയോട് പരാജയപ്പെടുകയും ചെയ്തു.
വനിതാ വിഭാഗത്തിൽ അസർബൈജാനെ 3.5-0.5 നാണ് ഇന്ത്യൻ വനിതകൾ പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ പ്രതീക്ഷകൾ എല്ലാം കസാക്കിസ്ഥാൻ-യുഎസ്എ മത്സരത്തെ ആശ്രയിച്ചിരിന്നു. കസാക്കിസ്ഥാൻ യുഎസ്എയോട് സമനില വഴങ്ങിയതോടെ ഇന്ത്യൻ വനിതകൾ വ്യക്തമായ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചരിത്രത്തിൽ ഇതാദ്യമായാണ് ഇന്ത്യ ഒരു സ്വർണം നേടുന്നത്, രണ്ട് വിഭാഗങ്ങളിലും അത് നേടിക്കൊണ്ട് ഇന്ത്യ ചരിത്രത്തിലെ സ്വപ്ന നേട്ടം കരസ്ഥമാക്കി.
ചെസ് ഒളിന്പ്യാഡിന്റെ പത്താം റൗണ്ടിൽ അമേരിക്കയെ 2.5-1.5 ന് പരാജയപ്പെടുത്തി ഇന്ത്യ സ്വർണം ഉറപ്പിച്ചിരുന്നു. 2022ൽ ചെന്നൈയിൽ നടന്ന ഒളിന്പ്യാഡിലെ പോലെ, ഡി. ഗുകേഷ്, ലോക രണ്ടാം നന്പർ താരം ഫാബിയാനോ കരുവാനയെ പരാജയപ്പെടുത്തിയപ്പോൾ അർജുൻ എറിഗൈസി, ലെയ്നിയർ ഡൊമിൻഗ്യൂസിനെ പരാജയപ്പെടുത്തി.
ടീം ഇന്ത്യ
ഓപ്പണ്‍ വിഭാഗം
ഡി. ഗുകേഷ്, ആർ. പ്രഗ്നാനന്ദ, അർജുൻ എറിഗാസി, വിദിത് ഗുജറാത്തി, പി. ഹരികൃഷ്ണ
വനിതകൾ-
ഹരിക ദ്രോണാവാലി, ആർ. വൈശാലി, ദിവ്യ ദേശ്മുഖ്, വന്തിക അഗർവാൾ, താനിയ സച്ച്ദേവ്
ജിസ്മോൻ മാത്യു, ഇന്റർനാഷണൽ ആർബിറ്റർ