ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമു ലഡാക്കിലെ ഇന്ത്യൻ ആർമിയുടെ സിയാച്ചിൻ ബേസ് ക്യാമ്പ് സന്ദർശിച്ചു. സിയാച്ചിൻ യുദ്ധസ്മാരകത്തിൽ രാഷ്ട്രപതി ആദരാഞ്ജലി അർപ്പിച്ചു. സൈനിക വസ്ത്രം ധരിച്ചെത്തിയ രാഷ്ട്രപതി സൈനികരെ അഭിസംബോധന ചെയ്തു.
സായുധ സേനയുടെ പരമോന്നത കമാൻഡർ എന്ന നിലയിൽ അഭിമാനം പ്രകടിപ്പിച്ച രാഷ്ട്രപതി, എല്ലാ പൗരന്മാരും സൈനികരുടെ ധീരതയെ അഭിവാദ്യം ചെയ്യുന്നുവെന്നും പറഞ്ഞു. 1984 ഏപ്രിലിൽ സിയാച്ചിൻ ഹിമാനിയിൽ ആരംഭിച്ച ഓപ്പറേഷൻ മേഘദൂത് മുതൽ വീരമൃത്യു വരിച്ച സൈനികർക്കായുള്ളതാണ് ഇവിടത്തെ യുദ്ധസ്മാരകം.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമി എന്ന് അറിയപ്പെടുന്ന ഹിമാനിയുടെ മേൽ 1984 മുതൽ ഇന്ത്യൻ സൈന്യം പൂർണനിയന്ത്രണം സ്ഥാപിച്ചു. സമുദ്രനിരപ്പിൽനിന്ന് 20,000 അടി ഉയരത്തിൽ കാരക്കോറം പർവതനിരയിലാണ് സിയാച്ചിൻ ഹിമാനി സ്ഥിതി ചെയ്യുന്നത്.
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ സ്ഥിതി ചെയ്യുന്ന സിയാച്ചിൻ ബേസ് ക്യാമ്പ് സന്ദർശിക്കുന്ന രാജ്യത്തെ മൂന്നാമത്തെ രാഷ്ട്രപതിയാണു മുർമു. മുൻ രാഷ്ട്രപതിമാരായ എ.പി.ജെ. അബ്ദുൾ കലാമും രാംനാഥ് കോവിന്ദും സിയാച്ചിൻ ബേസ് ക്യാമ്പ് സന്ദർശിച്ചിരുന്നു.