ടെൽ അവീവ്: ലെബനനിലെ ഹിസ്ബുള്ളയ്ക്ക് പിന്നാലെ യെമനിലെ ഹൂതി വിമതരെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരിക്കേറ്റു. എണ്ണ ഉൾപ്പെടെയുള്ള വസ്തുക്കളും ഇറാന്റെ ആയുധങ്ങളും കടത്താൻ ഹൂതികൾ ഉപയോഗിക്കുന്ന തുറമുഖങ്ങളിലായിരുന്നു ഇസ്രയേൽ സേനയുടെ ആക്രമണം.
ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഇതിനായി ഉപയോഗിച്ചു. ഇസ്രയേൽ സേനയ്ക്ക് ഒരു ലക്ഷ്യവും വിദൂരമല്ലെന്നു പ്രതിരോധ മന്ത്രി യോവ് ഗാലന്റ് വ്യക്തമാക്കി. ഹിസ്ബുള്ള നേതാവായ ഹസൻ നസറുള്ളയെ വധിച്ചതിന് പിന്നാലെ ഹൂതികൾ ഇസ്രയേലിനെ ലക്ഷ്യമാക്കി ഡ്രോണുകളും മിസൈലുകളും വിക്ഷേപിച്ചിരുന്നു.
അതേസമയം, ഇന്നു പുലർച്ചെ ലെബനനിലെ ബെയ്റൂട്ടിൽ ജനവാസകേന്ദ്രത്തിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. നാല് പേർ കൊല്ലപ്പെട്ടു. കോല ജില്ലയിലെ ഒരു അപ്പാർട്ട്മെന്റിന്റെ മുകളിലത്തെ നിലയിലാണ് ആക്രമണം നടന്നത്. സംഘർഷം രൂക്ഷമായശേഷം ഇതാദ്യമായാണ് ബെയ്റൂട്ടിലെ ജനവാസകേന്ദ്രത്തിൽ ഇസ്രയേൽ ആക്രമണം നടത്തുന്നത്. ഇസ്രയേൽ ആക്രമണങ്ങളെ തുടർന്ന് ലെബനനിൽ നിന്ന് പലായനം ചെയ്തവരുടെ എണ്ണം അൻപതിനായിരം കടന്നു.
സംഘർഷം മൂർച്ഛിച്ച സാഹചര്യത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി താൻ സംസാരിക്കുമെന്നും മിഡിൽ ഈസ്റ്റിലെ സമ്പൂർണ യുദ്ധം ഒഴിവാക്കേണ്ടതുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.