ശ്രീനഗര്‍: ജമ്മു കാഷ്മീരിന്റെ പുതിയ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുള്ള സത്യപ്രതിജ്ഞ ചെയ്തു. ജമ്മു കാഷ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. അബ്ദുള്ളയ്ക്കൊപ്പം മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ്, സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ “ഇന്ത്യ’ സഖ്യംസര്ക്കാരാണു അധികാരമേല്‍ക്കുന്നത്.
‘ഇന്ത്യ’ സഖ്യത്തിലെ പ്രമുഖ നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. രാഹുൽ ഗാന്ധി, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ് പവാർ) വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ, ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 90 അംഗ നിയമസഭയില്‍ നാഷണല്‍ കോണ്‍ഫറന്‍സിന് 42 സീറ്റുണ്ട്. കോണ്‍ഗ്രസിന് ആറു സീറ്റും സിപിഎമ്മിന് ഒരു സീറ്റുമാണുള്ളത്. ഇവരുടെ പിന്തുണയോടെയാണ് ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍. പ്രധാന വകുപ്പുകളുടെ ചുമതല നാഷണല്‍ കോണ്‍ഫറന്‍സിനായിരിക്കും.
ആറു വര്‍ഷത്തെ രാഷ്ട്രപതി ഭരണം പിന്‍വലിച്ചതിനു ശേഷമാണ് കാഷ്മീരിൽ പുതിയ സര്‍ക്കാര്‍ വരുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് രാഷ്ട്രപതി ഭരണം പിന്‍വലിച്ചത്. 2019 ഒക്ടോബര്‍ 31 നാണ് ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.