ചെന്നൈ: ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സ്വകാര്യ ആശുപത്രിയിൽനിന്നു ചിത്രീകരിക്കുകയും കുട്ടിയുടെ പൊക്കിൾക്കൊടി സ്വയം വേർപെടുത്തുകയും ചെയ്ത സംഭവത്തിൽ തമിഴ്നാട്ടിലെ യുട്യൂബർ മുഹമ്മദ് ഇർഫാനെതിരേ കേസ്. പെൺകുഞ്ഞിനാണ് ഇർഫാന്റെ ഭാര്യ ജന്മം നൽകിയത്.
കുഞ്ഞിന്റെ പൊക്കിൾക്കൊടി വേർപെടുത്തുന്ന ദൃശ്യങ്ങൾ അടങ്ങിയ വിഡിയോ തന്റെ യുട്യൂബ് ചാനലിൽ ഇർഫാൻ പുറത്തുവിട്ടതിനു പിന്നാലെയാണ് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചത്.
പൊക്കിൾക്കൊടി വേർപെടുത്താൻ ഡോക്ടർമാർക്ക് മാത്രമേ അനുമതിയുള്ളൂവെന്നിരിക്കെ, ഇർഫാനെ ഇതിന് അനുവദിച്ച ഡോക്ടർക്കെതിരെയും ഷോളിംഗനല്ലൂരിലെ ആശുപത്രിക്കെതിരെയും നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
ജൂലൈയിൽ പ്രസവത്തിനായി ഭാര്യ വീട്ടിൽനിന്ന് പുറപ്പെടുന്നത് മുതൽ സ്വകാര്യ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിൽ കുഞ്ഞു ജനിക്കുന്നത് വരെയുള്ള സംഭവങ്ങൾ 16 മിനിട്ടുള്ള വീഡിയോയിൽ ഉണ്ട്. ലക്ഷക്കണക്കിനു പേരാണ് വീഡിയോ കണ്ടത്. വിവാദമായതിനു പിന്നാലെ വീഡിയോ ചാനലിൽനിന്ന് നീക്കി.
ഭാര്യ ഗർഭിണിയായിരിക്കെ കുട്ടിയുടെ ലിംഗ നിർണയ പരിശോധന നടത്തുകയും വിവരങ്ങൾ ചാനലിലൂടെ പുറത്തുവിടുകയും ചെയ്തതിന് ഇർഫാനെതിരേ നേരത്തെയും നടപടി എടുത്തിരുന്നു.