കോട്ടയം: കോട്ടയംകാരുടെ നാവില്‍ ഇനി കപ്പലോടും. കടല്‍വിഭവങ്ങളുടെ രുചിയുമായി നാഗമ്പടത്ത് മത്സ്യഫെഡിന്റെ റസ്റ്ററന്റ് വരുന്നു. നാഗമ്പടം മുനിസിപ്പല്‍ പാര്ക്കിന് സമീപത്ത് മത്സ്യഫെഡിന്റെ അക്വേറിയം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് റസ്റ്ററന്റ് തുറക്കുന്നത്. മത്സ്യഫെഡിന്റെ ജില്ലയിലെ ആദ്യ കടല്‍വിഭവ റസ്റ്ററന്റാണിത്.
ഫിഷ് ഗാലക്സി എന്ന പേരില്‍ ഒരുങ്ങുന്ന ഇതിന്റെ നിര്‍മാണജോലികള്‍ പുരോഗമിക്കുകയാണ്. കെട്ടിടത്തില്‍ ഭക്ഷണശാലകള്ക്കായുള്ള കാബിനുകള്‍ നിര്‍മിച്ചു കഴിഞ്ഞു. അടുക്കളയുടെ നിര്‍മാണവും പുരോഗമിക്കുകയാണ്.2000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഹാളിനുള്ളിലെ ജോലികള്‍ പൂര്‍ത്തിയായശേഷം കെട്ടിടത്തിന്റെ പരിസരം വൃത്തിയാക്കുകയും നവീകരിക്കുകയും ചെയ്യും. വാഹനപാര്‍ക്കിംഗിനുള്ള സൗകര്യങ്ങളും ഒരുക്കും.
ഇവിടെ പ്രവര്‍ത്തിച്ചിരുന്ന അക്വേറിയം വെള്ളപ്പൊക്കത്തിൽ നശിച്ചതോടെ കെട്ടിടം ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. 12 വര്‍ഷം മുമ്പാണ് നാഗമ്പടത്ത് ഫിഷ് ഗാലക്സി എന്ന പേരില്‍ മത്സ്യഫെഡ് പബ്ലിക് അക്വേറിയം ആരംഭിച്ചത്. 2,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഹാളില്‍ 50 ടാങ്കുകളിലായി സമുദ്ര-ശുദ്ധ ജലങ്ങളിലായി ജീവിക്കുന്ന അലങ്കാര മത്സ്യങ്ങളാണ് ഉണ്ടായിരുന്നത്.
അലങ്കാര മത്സ്യങ്ങളുടെ വില്‍പ്പനയും നടത്തിയിരുന്നു. 2018ലെ മഹാപ്രളയത്തില്‍ അക്വേറിയം പൂര്‍ണമായി നശിച്ചു.പ്രളയത്തില്‍ ടാങ്കുകളെല്ലാം നശിച്ചു. മത്സ്യങ്ങളെല്ലാം ഒഴുകിപ്പോയി. കെട്ടിടത്തിനും വലിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു. വലിയതോതില്‍ ചെളിയും നിറഞ്ഞിരുന്നു. വീണ്ടും അക്വേറിയം തുറക്കാന്‍ ആലോചന നടന്നെങ്കിലും പിന്നീട് കടല്‍ വിഭവ റസ്റ്ററന്റ് എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.