കോട്ടയം: പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ പൊതുപരിപാടിയില്‍ പങ്കെടുത്തു. മണര്‍കാട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ഉപജില്ലാ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിലാണു പങ്കെടുത്തത്.
സമാപന സമ്മേളനത്തില്‍ ഉദ്ഘാടകനായാണ് ചാണ്ടി ഉമ്മന്‍ പങ്കെടുത്തത്. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പൊതുപരിപാടികളില്‍നിന്നു സ്ഥലം എംഎല്‍എയായ തന്നെ ഒഴിവാക്കുന്നതായി ചൂണ്ടികാട്ടി ചാണ്ടി ഉമ്മന്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍.
ഷംസീറിന് അവകാശ ലംഘന പരാതി നല്‍കിയിരുന്നു. ഒരാഴ്ചയ്ക്കിടയില് രണ്ടാമത്തെ അവകാശ ലംഘന പരാതിയാണ് നല്‍കിയത്. കെ.ആര്. നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പരിപാടിയില്‍നിന്ന് ഒഴിവാക്കിയതിനാണ് ആദ്യ അവകാശ ലംഘന പരാതി നല്‍കിയത്.
വികസന കാര്യങ്ങളില്‍ മണ്ഡലത്തെ അവഗണിക്കുന്നതായും പലസ്ഥാപനങ്ങളും മണ്ഡലത്തില്‍നിന്നു മാറ്റി മറ്റുമണ്ഡലങ്ങളിലേക്ക് കൊണ്ടുപോകുന്നതായും ചാണ്ടി ഉമ്മന്‍ പരാതിപ്പെട്ടു.
സര്‍ക്കര്‍ പരിപാടികളില്‍നിന്നു ബോധപൂര്‍വം തന്നെ അവഗണിക്കുകയാണെന്നാണു പരാതിയില്‍ പറയുന്നുണ്ട്. കഴിഞ്ഞദിവസം പാമ്പാടി ആര്‍ഐടിയില്‍ ഉദ്ഘാടനത്തിനായി മുഖ്യന്ത്രി എത്തിയപ്പോള്‍ മുഖ്യമന്ത്രിയോടും ചാണ്ടി ഉമ്മന്‍ പരാതി പറഞ്ഞിരുന്നു.
കഴിഞ്ഞദിവസം നടന്ന മണര്‍കാട് ഉപജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിക്കാത്തത് നിയമസഭാംഗമെന്ന പദവിയോടു കാണിച്ച അവഹേളനമാണെന്നും സ്പീക്കര്‍ക്ക് നല്കിയ പരാതിയില്‍ ചാണ്ടി ഉമ്മന്‍ ചൂണ്ടിക്കാട്ടുന്നു. അടിയന്തരമായി വിഷയം പരിഗണിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.
മണര്‍കാട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ഉപജില്ലാ കലോത്സവ ഉദ്ഘാടനം, ഭിന്നശേഷി കലോത്സവം സമാപനം എന്നീ യോഗങ്ങളില്‍ നിന്നാണ് സ്ഥലം എംഎല്‍എയും സംഘാടക സമിതി രക്ഷാധികാരി കൂടിയായ ചാണ്ടി ഉമ്മനെ ഒഴിവാക്കിയത്. ഭിന്നശേഷി കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ പ്രധാന വേദിയിലെത്തിയ ചാണ്ടി ഉമ്മന്‍ പ്രതിഷേധ സൂചകമായി സദസില്‍ ഇരുന്നു. സംഘാടകര്‍ സ്റ്റേജിലേക്ക് ക്ഷണിച്ചുവെങ്കിലും നിരസിച്ചു.
അതേസമയം, കലോത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ നടന്ന സമ്മേളനത്തില്‍ എംഎല്‍എ ഉദ്ഘാടകനായി പങ്കെടുക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ഒന്നു കൂടി ബന്ധപ്പെട്ട് പരാതി ഉന്നയിക്കും. തുടര്‍ന്നും അവഗണനയും ഒഴിവാക്കലുമാണെങ്കില് പാര്‍ട്ടിയുടെയും യുഡിഎഫിന്റെയും നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികള്‍ ആംഭിക്കുമെന്ന് ചാണ്ടി ഉമ്മന്‍ രാഷ്ട്രദീപികയോടു പറഞ്ഞു.
എല്ലാ പരിപാടികളിലും താൻ പുറത്താണ്. എപ്പോഴും രണ്ടു മന്ത്രിമാരാണു ചടങ്ങിനുള്ളത് ഏതു പരിപാടിയാണോ ആ വകപ്പുമന്ത്രിയും ഏറ്റുമാനൂരിലെ എംഎല്‍എ കൂടിയായ മന്ത്രിയും. അടുത്ത നാളില്‍ പരിപാടികള്‍ പോലും അറിയിക്കാത്ത അവസ്ഥയിലെത്തി. സ്ഥലത്തില്ലെന്ന് സംഘാടകര്‍ തീരുമാനിക്കുകയാണ്.
പരിപാടികളില്‍ രക്ഷാധികാരിയാണെന്നാണ് അവര്‍ പറയുന്ന ന്യായം. ഔദ്യോഗികമായി കത്തു പോലും തരാറില്ലെന്നും തന്നെ അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിവാക്കാനായി രണ്ടോ, മൂന്നോ മന്ത്രിമാരെ ചടങ്ങില്‍ കൊണ്ടുവരുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
കൂരോപ്പട സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടന വേളയിലും റവന്യു മന്ത്രിയോടു പരാതി പറഞ്ഞിരുന്നു. പല ചടങ്ങുകളിലും ഇതിന്റെ പേരില്‍ പ്രതികരിക്കേണ്ടിവരികയും സമരം ചെയ്യേണ്ടിവരികയുമാണ്. നവകേരള സദസ് എല്ലാ മണ്ഡലത്തിലും എത്തിയപ്പോള്‍ മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഉണ്ടായിരുന്നിട്ടും എംഎല്‍എമാരായിരുന്നു അധ്യക്ഷന്‍.
എല്ലാ മണ്ഡലത്തിലും എംഎല്‍എയ്ക്ക് പ്രാതിനിധ്യം കൊടുക്കണമെന്നാണ് ചട്ടം. ഇക്കാര്യം മുഖ്യമന്ത്രിയോടു പാമ്പാടിയില്‍ ചടങ്ങിനിടയില്‍ സൂചിപ്പിച്ചപ്പോള്‍ നിര്ദ്ദേശങ്ങളുണ്ടല്ലൊയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
മണ്ഡലം പിടിക്കുന്നതിനുള്ള എല്‍ഡിഎഫിന്റെ ശ്രമങ്ങളാണോ ഒഴിവാക്കലിനു പിന്നിലെന്നും സംശയിക്കുന്നുണ്ട്. എംഎല്‍എ ഇല്ല, പരിപാടികളില്‍ പങ്കെടുക്കുന്നില്ല, എന്ന് ജനങ്ങള്‍ക്കിടയില്‍ വരുത്താന്‍ നടത്തുന്ന ശ്രമങ്ങളാണെന്നും ചാണ്ടി ഉമ്മന്‍ കുറ്റപ്പെ ടുത്തി.