മാവേലിക്കര: സിനിമ കണ്ട് പ്രചോദനത്തിൽ ബസ് കാത്തുനിന്ന വയോധികയെ കാറിൽ കയറ്റി ആഭരണങ്ങൾ കവർന്നു. കഴിഞ്ഞ ദിവസം രാവിലെ 11.30ന് ഇടപ്പോൺ എ.വി. മുക്കിൽ പന്തളത്തേക്ക് ബസ് കാത്തുനിന്ന വയോധികയുടെ സമീപത്ത് ഒരു വെളുത്ത കാർ നിർത്തി.
പന്തളം എസ്ബിഐ ബാങ്കിൽ വാർധക്യകാല പെൻഷൻ വാങ്ങുന്നതിനാണ് ആറ്റുവ സ്വദേശിയായ 75 കാരി ബസ് കാത്തുനിന്നത്. കാറിൽ വന്ന ചെറുപ്പക്കാരൻ വയോധികയോട് പന്തളത്തേക്കുള്ള വഴി ചോദിച്ചു. വഴി പറഞ്ഞു കൊടുത്തപ്പോൾ പന്തളത്തേക്കാണെങ്കിൽ കാറിൽ കയറാൻ പറഞ്ഞു. വരുന്നില്ലെന്നു പറഞ്ഞിട്ടും നിർബന്ധിച്ച് കാറിന്റെ പിൻസീറ്റിൽ കയറ്റി യാത്ര തുടർന്നപ്പോൾ യുവാവ് വിശേഷങ്ങൾ ആരാഞ്ഞു.
ചേരിക്കൽ ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോഴേക്കും അയാളുടെ ഭാവം മാറി. വയോധികയുടെ മുഖത്തേക്ക് പെപ്പർ സ്പ്രേ അടിച്ചു. ഒന്നല്ല, മൂന്നുതവണ. മുഖം പൊത്തി ശ്വാസം മുട്ടലോടെ ഇരുന്ന വയോധികയുടെ കഴുത്തിൽ കിടന്ന മാല വലിച്ചുപൊട്ടിക്കാൻ ശ്രമിച്ചപ്പോൾ തടയാൻ ശ്രമിച്ചെങ്കിലും കഴുത്തിൽ കുത്തിപ്പിടിച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ഭയന്നുപോയ അവരുടെ കഴുത്തിൽ കിടന്ന മൂന്നു പവൻ സ്വർണമാലയും ഒരു പവൻ തൂക്കം വരുന്ന വളയും കാറിൽ വന്നയാൾ ബലമായി ഊരിയെടുത്തു.
വീണ്ടും മുന്നോട്ടുപോയ കാർ റോഡരികിൽ നിർത്തി വയോധികയെ റോഡിൽ തള്ളിയിറക്കി. ഇറങ്ങുന്നതിനിടയിൽ ഇവരുടെ കൈയിലിരുന്ന പഴ്സും യുവാവ് തട്ടിപ്പറിച്ചെടുത്തു. റോഡിൽ കരഞ്ഞുകൊണ്ടുനിന്ന വയോധികയെ സമീപത്തെ വീട്ടിലെ വീട്ടമ്മയും തൊഴിലുറപ്പു സ്ത്രീകളും കണ്ട് വിവരം അന്വേഷിച്ചു. അടുത്ത വീട്ടിൽ കൊണ്ടുപോയി കുടിക്കാൻ വെള്ളം നൽകിയും മുഖത്ത് ഐസ് വച്ച് കഴുകിയും ശുശ്രൂഷിച്ചതിനു ശേഷം വണ്ടിക്കൂലി നൽകി വീട്ടിലേക്ക് ബസ് കയറ്റിവിട്ടു.
വീട്ടിൽ എത്തിയശേഷമാണ് പോലീസിൽ വിവരമറിയിച്ചത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ ഉടൻതന്നെ ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്റെ മേൽനോട്ടത്തിൽ നൂറനാട് പോലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ കേസ് അന്വേഷണത്തിനു നിയോഗിച്ചു. വെളുത്ത കാറിൽ വന്ന ആൾ എന്നു മാത്രമേ വയോധികയ്ക്കു പ്രതിയെപ്പറ്റി സൂചന നൽകാൻ സാധിച്ചിരുന്നുള്ളൂ.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരുമണിക്കൂറിനുള്ളിൽ പ്രതിവന്ന കാറിന്റെ നമ്പർ കണ്ടെത്തി. പിന്നെ അതിന്റെ ഉടമയിലേക്ക് അന്വേഷണം ആരംഭിച്ചു. വൈകിട്ട് 6.30ന് പ്രതിയായ അടൂർ മൂന്നളം ഭാഗത്ത് സഞ്ജിത് ഭവനിൽ സഞ്ജിത് എസ്. നായർ (44) എന്നയാളെ കസ്റ്റഡിയിലെടുത്തു. ആദ്യം സംഭവം നിഷേധിച്ച പ്രതി തനിക്ക് ഒന്നുമറിയില്ല എന്ന നിലപാടിൽ ഉറച്ചു നിന്നു. വയോധിക പ്രതിയെ തിരിച്ചറിഞ്ഞതും സിസിടിവി ദൃശ്യങ്ങളും ആധാരമാക്കിയുള്ള ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
ഇയാളുടെ വീട്ടിൽ ഒളിപ്പിച്ചുവച്ചിരുന്ന സ്വർണാഭരണങ്ങളും പെപ്പർ സ്പ്രേയും കണ്ടെടുത്തിട്ടുണ്ട്. ഇയാൾ സഞ്ചരിച്ചുവന്ന സുസുക്കി ഡിസയർ കാറും പിടിച്ചെടുത്തു. ബിഎസ്സി കംപ്യൂട്ടർ സയൻസ് ബിരുദധാരിയായ ഇയാൾ വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയിരുന്നു. കാറിന്റെയും ആഡംബര ബൈക്കിന്റെയും ലോൺ കുടിശികയായി. കടബാധ്യത പെരുകിയപ്പോൾ പ്രതി മോഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു.
ഓസിലർ എന്ന സിനിമ കണ്ടാണ് പെപ്പർ സ്പ്രേ ആയുധമാക്കി കവർച്ച പ്ലാൻ ചെയ്തതെന്ന് പ്രതി വെളിപ്പെടുത്തി.ഇന്നലെ രാവിലെ അടൂരിലെ വീട്ടിൽനിന്നു കാറിൽ കവർച്ചയ്ക്കു പറ്റിയ ഇരയെതേടി സഞ്ചരിക്കുന്നതിനിടയിലാണ് ആറ്റുവ സ്വദേശിയെ കണ്ടെത്തുന്നത്. ഇയാളുടെ ക്രിമിനൽ പശ്ചാത്തലവും മുൻപ് ഇത്തരം കൃത്യങ്ങൾ ചെയ്തിട്ടുണ്ടോ എന്നതും അന്വേഷിച്ചു വരുന്നു.
പ്രതിയെ മാവേലിക്കര മജിസ്ട്രേറ്റ് കോടതി 2ൽ ഹാജരാക്കി. നൂറനാട് പോലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാറിനൊപ്പം എസ്ഐമാരായ സുഭാഷ് ബാബു, ഗോപാലകൃഷ്ണൻ.ടി.ആർ, രാജേന്ദ്രൻ. ബി, എഎസ്ഐ അജിതകുമാരി.ജെ, സീനിയർ സിപിഒ മാരായ ഷാനവാസ് എം.കെ, മനു കുമാർ. പി, സിജു. എച്ച്, ശരത് ചന്ദ്രൻ. എസ്, വിഷ്ണു വിജയൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.