ധാക്ക: ബംഗ്ലാദേശിലെ ഹിന്ദു പുരോഹിതനും മത ന്യൂനപക്ഷ നേതാവുമായ ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരി അറസ്റ്റിൽ. ധാക്കയിൽനിന്ന് 300 കിലോമീറ്റർ അകലെ രംഗ്പുർ നഗരത്തിൽ ഹിന്ദു സമൂഹത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തെ തുടർന്നാണ് അറസ്റ്റ്.
കൃഷ്ണ ദാസ് ബ്രഹ്മചാരിയെ ധാക്ക പോലീസ് അറസ്റ്റുചെയ്ത് അജ്ഞാതസ്ഥലത്തേക്ക് കൊണ്ടുപോയെന്ന് ഇസ്കോൺ വക്താവ് രാധാരാമൻ ദാസ് പറഞ്ഞു. എന്നാൽ, ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ഹിന്ദുക്കളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾക്കെതിരേ രംഗത്തെത്തിയതിന് ഈ മാസം ആദ്യം കൃഷ്ണദാസിനെതിരേ രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നു. ബംഗ്ലാദേശിലെ 170 ദശലക്ഷം ജനങ്ങളിൽ ഏകദേശം എട്ടു ശതമാനം ഹിന്ദുക്കളാണ്.
മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയെ പുറത്താക്കിയശേഷം അധികാരത്തിലെത്തിയ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള സൈനിക പിന്തുണയുള്ള ഇടക്കാല സർക്കാർ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിൽ പരാജയമാണെന്നു വിമർശനങ്ങൾ നേരിട്ടിരുന്നു. ഇതിനിടയിലാണു മത ന്യൂനപക്ഷ നേതാവിന്റെ അറസ്റ്റ്.