തിരുവനന്തപുരം: കേരള ചരിത്രത്തിലെ ഒരു പ്രധാന രാഷ്ട്രീയ അഴിമതിയുടെ സ്മാരകമാണ് മരണാസന്നമായ കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയെന്ന് ചെറിയാൻ ഫിലിപ്പ്.
2011 ഫെബ്രുവരി രണ്ടിന് കേരള സർക്കാരും ദുബായി കമ്പനിയും തമ്മിലുണ്ടാക്കിയ കരാർ ഒരു റിയൽ എസ്റ്റേറ്റ് കച്ചവടമായിരുന്നു.കാക്കനാട് സർക്കാർ അക്വയർ ചെയ്ത കണ്ണായ സ്ഥലത്തെ 246 ഏക്കർ ഭൂമി തുച്ഛമായ വിലയ്ക്കാണ് ടീകോം കമ്പനിക്ക് കുത്തക പാട്ടത്തിന് കൈമാറിയത്.
ഇതിനു പകരമായി സർക്കാരിന് സംയുക്ത സംരംഭത്തിൽ 16 ശതമാനം ഓഹരിപങ്കാളിത്തം മാത്രമാണ് ലഭിച്ചത്. പ്രവർത്തനം നിലച്ചു കൊണ്ടിരിക്കുന്ന കൊച്ചി സ്മാർട്ട് സിറ്റിയെ സർക്കാർ അധീനതയിലാക്കാനുള്ള മന്ത്രിസഭാ തീരുമാനം പ്രായോഗികമല്ല.
84 ശതമാനം ഓഹരിയുള്ള ദുബായ് കമ്പനിക്ക് ഭീമമായ നഷ്ടപരിഹാരം നൽകിയാൽ മാത്രമേ സർക്കാർ നൽകിയ ഭൂമി തിരിച്ചെടുക്കാനാവൂ. ഒരു നിയമ യുദ്ധത്തിന് പോയാൽ എത്ര കാലം കഴിഞ്ഞാണ് തീരുമാനമുണ്ടാവുകയെന്ന് പ്രവചിക്കാനാവില്ല.
ചീഫ് സെക്രട്ടറി അധ്യക്ഷനായി ഒരു സമിതി രൂപീകരിച്ചതല്ലാതെ എന്തു ചെയ്യണമെന്ന കാര്യത്തിൽ സർക്കാരിന് ഒരു വ്യക്തതയുമില്ലെന്നും ചെറിയാൻ ഫിലിപ്പ് ആരോപിച്ചു.