ദമാസ്കസ്: സിറിയയിൽ വിമതനീക്കത്തിലൂടെ ഭരണം പിടിച്ചെടുത്ത ഹയാത് തഹ്രീർ അൽഷാമിനെ (എച്ച്ടിഎസ്) ഭീകരവാദ പട്ടികയിൽനിന്ന് ഒഴിവാക്കാൻ അമേരിക്ക നീക്കം തുടങ്ങിയതായി റിപ്പോർട്ട്.
അൽ ഖ്വയ്ദ ബന്ധത്തിന്റെ പേരിൽ നേരത്തെ അമേരിക്കതന്നെ ഭീകരരായി പ്രഖ്യാപിച്ച സംഘടനയാണ് എച്ച്ടിഎസ്. ഇതിന്റെ നേതാവായ അബു മൊഹമ്മദ് അൽ ജുലാനിയുടെ തലയ്ക്ക് പത്തുകോടി ഡോളർ അമേരിക്ക വിലയിടുകയും ചെയ്തിരുന്നു. ജുലാനിയുടെ നേതൃത്വത്തിലാണ് സിറിയയിൽ ഇപ്പോൾ വിമതനീക്കമുണ്ടായതും അധികാരം പിടിച്ചതും.
അമേരിക്ക അടക്കമുള്ള പാശ്ചാത്യരാജ്യങ്ങളുടെ പരോക്ഷ പിന്തുണയോടെ സർക്കാർ ഉണ്ടാക്കാൻ ജുലാനി നടത്തുന്ന ശ്രമം വിജയത്തിലേക്കു നീങ്ങുന്നതായാണു സൂചന. അധികം വൈകാതെ ജുലാനി സിറിയയുടെ പ്രസിഡന്റായി സ്ഥാനമേൽക്കാനാണു സാധ്യത. എച്ച്ടിഎസുമായി ചർച്ചനടത്താൻ അമേരിക്കയ്ക്കു നിരവധി വഴികളുണ്ടെന്നു യുഎസ് വിദേശകാര്യ വക്താവ് മാത്യു മില്ലർ പറഞ്ഞിരുന്നു.