വൈവിധ്യങ്ങളായ പ്രകൃതിയാൽ സന്പന്നമാണ് നമ്മുടെ നാട്. ചുറ്റുമൊന്ന് കണ്ണോടിച്ചാൽ തന്നെ പച്ചപ്പും ഹരിതാഭയും കണ്ണിനു കുളിർമയേകും. കറിവയ്ക്കാൻ ഒന്നുമില്ലങ്കിൽ തൊട്ടടുത്ത പറന്പിലേക്ക് ഒന്നിറങ്ങിയാൽ മതിയാകും കൈനിറയെ കറിക്കുള്ള ഇലകളുണ്ടാകും.
പണ്ടൊക്കെ തൊടിയിലും മുറ്റത്തുമൊക്കെ കുഞ്ഞുങ്ങൾ കളിച്ചുകൊണ്ട് നിൽക്കുന്പോൾ ഒന്നു താഴെ വീണാൽ ഓടിപ്പോയി ആദ്യം ചെയ്യുന്നത് പച്ചില മരുന്ന് പറിച്ച് മുറിവിൽ പുരട്ടുക എന്നതാണ്. എന്നാൽ ഇലകളിലും വിഷച്ചെടികൾ പതിയിരിപ്പുണ്ട്.
ഇപ്പോഴിതാ ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ഇലയുടെ വിഷക്കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജിംപി ജിംപി എന്നാണ് അതിന്റെ പേര്. ഡൻഡ്രോക്നൈഡ് എന്നാണ് അതിന്റെ ശാസ്ത്രീയനാമം.
ചെറിയ സൂചികൾ പോലെ രോമങ്ങളാൽ സന്പന്നമാണ് ഈ ചെടിയുടെ ഇലകളുടെ പുറംഭാഗം. ഇതിനകത്ത് വിഷം അടങ്ങിയിട്ടുണ്ട്. ഒരു കുത്ത് കിട്ടിയാൽ തീർന്നു എന്നുതന്നെ പറയാം. തേളിന്റെ വിഷത്തോട് ഇതിനെ താരതമ്യപ്പെടുത്താറുണ്ട്. ഈ ചെടിയുടെ കുത്ത് കിട്ടിയാൽ അതി തീവ്രമായ വേദന അനുഭവിക്കേണ്ടി വരുമെന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. നാഡീവ്യൂഹത്തെയാണ് ഇതിന്റെ വേദന ബാധിക്കുന്നത്.