ചെങ്ങന്നൂര്‍: വീണ്ടും ഒരു ക്രിസ്മസ് ദിനംകൂടി സമാഗതമാകുമ്പോള്‍, ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ക്രിസ്മസ് ട്രീ നിര്‍മിച്ച പട്ടണം എന്ന വിശേഷണത്തിന് ചെങ്ങന്നൂരിന്റെ പേര് ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍ എഴുതി ചേര്‍ക്കപ്പെട്ടിട്ട് 9 വര്‍ഷം.
മിഷന് ചെങ്ങന്നൂരിന്റെ നേതൃത്വത്തില്‍ 2015 ഡിസംബര്‍ 19 നാണ് ചെങ്ങന്നൂര്‍ താലൂക്കിലെ 12 സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ അടക്കം 4,030 പേര് അണിനിരന്ന ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ക്രിസ്മസ് ട്രീ നിര്‍മിച്ച് ലോകത്തിന്റെ നെറുകയില്‍ ചെങ്ങന്നൂര്‍ സ്ഥാനം പിടിച്ചത്.
ബ്രൗണ്‍, പച്ച, ചുവപ്പ്, മഞ്ഞ, തവിട്ട് നിറങ്ങളിലുള്ള ടീ ഷര്‍ട്ടുകളും തൊപ്പിയും ധരിച്ച വിദ്യാര്‍ഥികളടക്കം 4,030 പേര് ക്രിസ്മസ് ട്രീയുടെ മാതൃകയില്‍ ചെങ്ങന്നൂര്‍ നഗരസഭാ സ്റ്റേഡിയത്തില്‍ അണിനിരന്നതോടെ 2014-ല്‍ മധ്യ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസില്‍ 2,945 പേരെ പങ്കെടുപ്പിച്ചു നേടിയ ലോക റിക്കാര്‍ഡാണു തകര്‍ന്നത്.
ചെങ്ങന്നൂര്‍ നഗരസഭാ സ്റ്റേഡിയത്തിലായിരുന്നു മനുഷ്യ ക്രിസ്മസ് ട്രീ നിര്‍മിച്ചത്. ഇന്ന് ഒന്‍പത് വര്‍ഷങ്ങള്‍ തികയുമ്പോഴും ചെങ്ങന്നൂരിന് ലഭിച്ച ഈ അഭിമാന മുഹൂര്‍ത്തിന്റെ ഓര്‍മകള്‍ നാട്ടുകാരില്‍ നക്ഷത്രത്തിളക്കമായി നിലനില്ക്കുന്നു.