കോഴിക്കോട്: വടകരയില്‍ കാറിടിച്ച് ഒന്‍പത് വയസുകാരി കോമയിലാവുകയും ഒരു സ്ത്രീയുടെ മരണത്തിനു കാരണമാവുകയും ചെയ്ത കേസിലെ പ്രതി ഷജീലിന് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഊർജിതമാക്കി പോലീസ്. ഷജീലിന്റെ പേരില്‍ അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
വിദേശത്തുള്ള പ്രതിയുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് തള്ളിയത്. സ്റ്റേഷനില്‍നിന്നു ജാമ്യം കിട്ടാവുന്ന കേസില്‍ എന്തിനാണ് മുന്‍കൂര്‍ ജാമ്യം തേടിയതെന്ന ചോദ്യമാണ് കോടതി പ്രതിഭാഗത്തോട് ഉന്നയിച്ചത്. ഈ സാഹചര്യത്തില്‍ ഇനി അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാവുകയാണ് പ്രതിക്കു മുന്നിലുള്ള മാര്‍ഗം.
പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ലൂക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയാല്‍ പ്രതി പിടിയിലാവും. വാഹനമിടിച്ച് തലശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിനുസമീപം താമസിക്കുന്ന 62കാരിയായ പുത്തലത്ത് ബേബി മരിക്കുകയും മകളുടെ മകള്‍ ഒന്‍പതുവയസുകാരി ദൃഷാന ഗുരുതരമായി പരിക്കേറ്റ് കോമയിലാവുകയും ചെയ്ത സംഭവത്തിലെ പ്രതിയാണ് ഷജീല്‍. ഫെബ്രുവരി 17ന് രാത്രി വടകരയ്ക്കു സമീപം ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പിലാണ് അപകടമുണ്ടായത്.