ന്യൂഡൽഹി: കുടുംബവഴക്കിനെത്തുടർന്ന് ഉത്തർപ്രദേശ് ഗാസിയാബാദിൽനിന്നു വീടുവിട്ട യുവതി ഭർത്താവു ജീവനൊടുക്കിയ വാർത്തയറിഞ്ഞയുടൻ തൂങ്ങിമരിച്ചു.
വടക്കുകിഴക്കൻ ഡൽഹിയിലെ ലോണി റൗണ്ട് എബൗട്ടിനടുത്തുള്ള വൈദ്യുതി പോസ്റ്റിൽ ആണ് യുവതി തൂങ്ങിമരിച്ചത്. ഗാസിയാബാദിലെ ലോനി ബോർഡർ ഏരിയയിൽ താമസിച്ചിരുന്ന വിജയ് പ്രതാപ് ചൗഹാൻ (32), ഭാര്യ ശിവാനി (28) എന്നിവരാണു മരിച്ചത്. ദമ്പതികൾക്ക് ഒരു വയസുള്ള പെൺകുഞ്ഞുണ്ട്.
ദാമ്പത്യജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നുവെന്നു പോലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. തുടർന്ന് ശിവാനി വീടുവിട്ട് വടക്കുകിഴക്കൻ ഡൽഹിയിലേക്കു പോകുകയായിരുന്നു. ദന്പതികൾ തമ്മിലുണ്ടായ വഴക്കിനെക്കുറിച്ചറിഞ്ഞ ബന്ധു വീട്ടിലെത്തിയപ്പോൾ വിജയ്യെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
വിജയ്യുടെ അമ്മായി ഉടൻ തന്നെ സംഭവം ശിവാനിയെ അറിയിച്ചു. വാർത്ത അറിഞ്ഞയുടൻ വൈദ്യുതിത്തൂണിൽ ശിവാനി തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.