സർവൈവൽ ത്രില്ലർ കഥകൾ ലോകത്തിന്റെ ഏതു ഭാഗത്തു നടന്നാലും അതറിയാനും വായിക്കാനും കാണാനും കേൾക്കാനും ആളുകൾക്ക് ഏറെ ഇഷ്ടമാണ്. കഥാന്ത്യം ശുഭകരമാണെങ്കിൽ ആവേശം ഇരട്ടിയാകും. ഗുണകേവിൽ പെട്ടുപോയ കൂട്ടുകാരനെ ജീവൻ പണയപ്പെടുത്തി രക്ഷപ്പെടുത്തിയ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ സൂപ്പർഹിറ്റായ പോലെ അത്തരം കഥകൾ ആളുകൾ എന്നും കൈയടിയോടെയാണ് സ്വീകരിച്ചിട്ടുള്ളത്.
രക്ഷപ്പെടലിന്റെ അത്ഭുതകഥ
സിംബാംബ്വേയിൽ നിന്നാണ് ലോകത്തെ സോഷ്യൽമീഡിയകളും മീഡിയകളും ആഘോഷിച്ചുകൊണ്ടിരിക്കുന്ന ഒരു എട്ടുവയസുകാരന്റെ രക്ഷപ്പെടൽ കഥ വരുന്നത്. വെറും കാട്ടിലല്ല, വന്യമൃഗങ്ങൾ ഏറെയുള്ള കൊടുംകാട്ടിനകത്താണ് നമ്മുടെ എട്ടുവയസുകാരൻ നായകൻ കുടുങ്ങുന്നത്.
ആ കാട്ടിൽ സിംഹങ്ങളുണ്ട്, പുലികളുണ്ട്, ആനയുണ്ട്…അങ്ങിനെ ശരിക്കും വന്യമൃഗങ്ങൾ വിലസുന്ന ഘോരവനം തന്നെ. ഈ മൃഗങ്ങളുള്ള വടക്കൻ സിംബാബ്വേയിലെ മഴക്കാടുകളിൽ അകപ്പെട്ടുപോയ ഒരു എട്ടുവയസുകാരൻ അഞ്ചു ദിവസങ്ങൾക്കു ശേഷം പുറം ലോകം കണ്ടുവെന്ന് പറയുന്നത് അവിടത്തുകാരെ സംബന്ധിച്ചും ലോകത്തിനും അത്ഭുത കാഴ്ചയാണ്.
ആ എട്ടുവയസുകാരൻ അഞ്ചുനാൾ ആ കാട്ടിനകത്ത് ആരോരും കൂട്ടിനില്ലാതെ കഴിച്ചുകൂട്ടി. കാട്ടുപഴങ്ങൾ പറിച്ചു ഭക്ഷിച്ചു. കാട്ടരുവികൾ അവന്റെ ദാഹം തീർക്കാൻ ജലം നൽകി. പ്രകൃതിയൊരുക്കിയ രക്ഷാകവചത്തിനുള്ളിൽ നിന്നുകൊണ്ട് അവൻ അഞ്ചു രാപ്പകലുകൾ വിജയകരമായി ജീവിച്ചു. ഡിസംബർ 27നാണ് വടക്കൻ സിംബാംബ്വേയിലെ ഗ്രാമത്തിൽ നിന്ന് ടിനോടെൻഡ പുഡു എന്ന എട്ടുവയസുകാരൻ വഴിതെറ്റി കൊടുംകാട്ടിൽ അകപ്പെട്ടുപോയത്.
കാടും പരിസരവും അവന് പരിചതമായിരുന്നെങ്കിലും നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ പതിയിരിക്കുന്ന കാട്ടകങ്ങൾ അവനത്ര പരിചിതമായിരുന്നില്ല. അവനെ കാണാതായതു മുതൽ അവന്റെ പ്രിയപ്പെട്ടവരെ അലട്ടിയിരുന്നതും ഈ പ്രശ്നം തന്നെയായിരുന്നു. എന്നാൽ അഞ്ചാംപക്കം അവനെ അവന്റെ ഗ്രാമത്തിൽ നിന്നും അന്പതു കിലോമീറ്റർ അകലെയുള്ള മട്ടുസഡോണ നാഷണൽ പാർക്കിൽ കണ്ടെത്തുന്പോൾ അഞ്ചുദിവസത്തെ കാട്ടുപഴങ്ങളും കാട്ടരുവിയിലെ വെള്ളവും മാത്രം കഴിച്ച് അവൻ നന്നേ അവശനായിരുന്നു. ശരീരത്തിൽ നിന്ന് വെള്ളം ആവശ്യത്തിലേറെ നഷ്ടപ്പെട്ടിരുന്നതിനാൽ നിർജ്ജലീകരണവും അവനെ ബാധിച്ചിരുന്നു.
എന്നാൽ തങ്ങളുടെ പ്രിയപ്പെട്ട പുഡുവിനെ ഒരാപത്തും കൂടാതെ തിരിച്ചുകിട്ടിയതിന്റെ ആഘോഷത്തിമർപ്പിലായിരുന്നു വീട്ടുകാർ. കാട്ടരുവിൽ ഇല്ലാത്ത ഭാഗങ്ങളിൽ ഒരു എട്ടുവയസുകാരന്റെ കൊച്ചുബുദ്ധിയിൽ തെളിഞ്ഞ വഴികളിലൂടെയാണ് അവൻ ദാഹം തോന്നിയപ്പോൾ കുടിക്കാൻ വെള്ളം കണ്ടെത്തിയത്.
വടികൾ ഉപയോഗിച്ച് കുഴികൾ കുഴിച്ച് അതിൽ ഊറിവന്ന വെള്ളം കുടിച്ചാണ് പലപ്പോഴും താൻ ദാഹം ശമിപ്പിച്ചതെന്ന് അവൻ പറഞ്ഞപ്പോൾ അതിജീവനത്തിന്റെ തീവ്രത ആ വാക്കുകളിലുണ്ടായിരുന്നു. താൻ ജീവിച്ചുവന്ന വരൾച്ചാബാധിത പ്രദേശത്തു നിന്നും പഠിച്ച അതിജീവനത്തിന്റെ പാഠങ്ങളാണ് അവൻ കാട്ടിൽ പ്രയോഗിച്ചത്.
കൊടുംകാട്ടിൽ രാത്രി കുറ്റാക്കൂറ്റിരുട്ടിൽ വഴിയറിയാതെ കൊച്ചു പുഡു അലഞ്ഞുതിരിയുമെന്നറിയുന്നതുകൊണ്ട് രാത്രിയിൽ ഡ്രംസ് ഉറക്കെ കൊട്ടി അവന് ദിശയറിയിച്ചുകൊടുത്തിരുന്നു ന്യാമിനിയമി കമ്മ്യൂണിറ്റി. രാത്രിയുടെ നിശബ്ദതയിൽ ഡ്രംസിന്റെ ശബ്ദം അവന് വഴികാട്ടിയാകുമെന്ന് അവർ വിശ്വസിച്ചു.
അത്ഭുതകരമായ രക്ഷപ്പെടലാണ് ടിനോടെൻഡ പുഡുവിന്റെതെന്ന് പ്രാദേശിക പാർലമെന്റ് അംഗം പി. മുത്സമുറോംബെഡ്സി സോഷ്യൽ മീഡിയയിൽ കുറിച്ചു. രക്ഷാപ്രവർത്തകരെ അഭിനന്ദിച്ച എംപി പാർക്ക് റേഞ്ചർമാർക്കും കുട്ടിക്ക് വീട്ടിലേക്കു ശബ്ദം കേട്ട് ദിശ തിരിച്ചറിയുന്നതിനായി എല്ലാദിവസവും രാത്രി ഡ്രംസ് അടിച്ച ന്യാമിനിയമി കമ്മ്യൂണിറ്റിക്കും നന്ദി പറഞ്ഞു.
എല്ലാറ്റിനുമുപരിയായി, ടിനോടെൻഡയെ നിരീക്ഷിച്ച് സുരക്ഷിതമായി വീട്ടിലേക്ക് നയിച്ചതിന് തങ്ങൾ ദൈവത്തിന് നന്ദി പറയുന്നതായും അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. പുഡു അകപ്പെട്ട കാട്ടിൽ ഈ പറയുന്ന സിംഹവും പുലിയുമൊക്കെയുണ്ടോ എന്ന് സംശയം തോന്നാം. റിപ്പോർട്ടുകൾ പ്രകാരം മട്ടുസഡോണ നാഷണൽ പാർക്കിൽ ഏകദേശം 40 സിംഹങ്ങളുണ്ട്. ആഫ്രിക്കയിലെ ഏറ്റവും കൂടുതൽ സിംഹങ്ങൾ ഉള്ള പാർക്കുകളിൽ ഒന്നാണിതത്രെ. അപ്പോൾ നിസംശയം പറയാം..ചില്ലറക്കാരനല്ല ഈ പുഡു….
രക്ഷപ്പെടൽ പോലെത്തന്നെ അത്ഭുതകരമാണ് രക്ഷപ്പെടുത്തൽ എന്ന ദൗത്യവും. ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ ഒരു ഓഫീസർ പുറത്തുവിട്ട ഒരു രക്ഷപ്പെടുത്തലിന്റെ ദൃശ്യങ്ങൾ വലിയ തോതിൽ ഷെയർ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയും ചർച്ചയാവുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ വനാന്തരങ്ങളിലെവിടെയോ ഉള്ള ഒരു ചതുപ്പുനിലത്തിൽ ചെളിയിൽ കുടുങ്ങിപ്പോയ ഒരു കൂറ്റൻ കണ്ടാമൃഗത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തുന്ന കാഴ്ചയാണ് ഇന്ത്യൻ ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിന് കൈയടി നേടിക്കൊടുക്കുന്നത്.
ചതുപ്പിൽ കുടുങ്ങിപ്പോയ കണ്ടാമൃഗത്തെ ഏതാനും വനം വകുപ്പ് ഉദ്യോഗസ്ഥർ ചേർന്ന് തോളിൽ ചുമന്ന് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്. അപകടങ്ങളിൽ പെടുന്നവരെ എങ്ങിനെയും രക്ഷിക്കാൻ കെൽപ്പും തന്റേടവും മനസാന്നിധ്യവുമുള്ള സേനകളാണ് ഇന്ത്യയിലുള്ളതെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് ഈ കാഴ്ച.
700 കിലോയോളം ഭാരമുള്ള കണ്ടാമൃഗത്തെയാണ് ഉദ്യോഗസ്ഥർ ഇത്തരത്തിൽ രക്ഷപ്പെടുത്തിയത്. കിണറ്റിൽ വീണ ഒരു പൂച്ചയേയോ പട്ടിയേയോ എടുത്തുകൊണ്ടുപോകുന്ന പോലെയല്ല എഴുനൂറു കിലോയിലധികം ഭാരമുള്ള ഒരു കണ്ടാമൃഗത്തെ ചതുപ്പുനിലത്തിനകത്തു നിന്നും പൊക്കിയെടുത്തു രക്ഷപ്പെടുത്തിക്കൊണ്ടുപോവുകയെന്നുപറഞ്ഞാൽ.
ശരിക്കും അതൊരു വലിയ പണി തന്നെയായിരുന്നു. വന്യജീവി സംരക്ഷണം എന്നു പറഞ്ഞാൽ ഇങ്ങനെയാകണം എന്ന് കാണിച്ചുതരുന്ന ഒരു രക്ഷാപ്രവർത്തനമായി അത്. വനംവകുപ്പ് വന്യജീവി സംരക്ഷകർക്ക് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് അഭിനന്ദനപ്രവാഹം നിലയ്ക്കുന്നില്ല. തിരിച്ചുകയറാൻ കഴിയാത്ത വിധം ചതുപ്പുനിലത്തിൽ എഴുനൂറു കിലോയോളം ഭാരമുള്ള കണ്ടാമൃഗം ചതുപ്പുനിലത്തിൽ കുടുങ്ങുകയായിരുന്നു. കണ്ടാമൃഗത്തിന്റെ ഉറക്കെയുള്ള അലർച്ച കേട്ടാണ് വനപാലകർ സ്ഥലത്തെത്തുന്നത്.
തങ്ങളുടെ ഇടപെടൽ ഇല്ലാതെ തന്നത്താൻ ചതുപ്പിനുള്ളിൽ നിന്നും കയറിവരാൻ കണ്ടാമൃഗത്തിനാവില്ലെന്ന് മനസിലായ വനപാലകർ അധികം വൈകാതെ തന്നെ കണ്ടാമൃഗത്തെ രക്ഷിക്കാനുള്ള വഴികൾ തേടി. ഏറെ നേരത്തെ ശ്രമഫലങ്ങൾക്കൊടുവിലാണ് കണ്ടാമൃഗത്തെ ചതുപ്പിനു പുറത്തെത്തിക്കാനും പിന്നീട് തൂക്കിയെടുത്ത് കൊണ്ടുപോയി രക്ഷിക്കാനും ഇവർക്ക് സാധിച്ചത്. ഒരു വലിയ പലകയിൽ കിടത്തി അത് ചുമന്ന് കണ്ടാമൃഗത്തെ ഏറ്റവു സുരക്ഷിതമായ സ്ഥലത്ത് എത്തിക്കുകയായിരുന്നു.
അധികം ചെയ്തിട്ടില്ലാത്ത ഈ രക്ഷാപ്രവർത്തനത്തിന്റെ അപൂർവ ദൃശ്യങ്ങൾ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ പർവീണ് കസ്വാൻ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വീഡിയോയ്ക്ക് ഒപ്പം ചേർത്തിരിക്കുന്ന കുറിപ്പിൽ അദ്ദേഹം ഓഗസ്റ്റിൽ നടന്ന ഒരു രക്ഷാപ്രവർത്തനമാണ് ഇതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഒരു മിണ്ടാപ്രാണിയെ അപകടത്തിൽ നിന്നും രക്ഷിച്ചെടുക്കാനുള്ള വനംവകുപ്പിന്റെ അർപണബോധവും ഓപ്പറേഷന്റെ ഏകോപനവും അഭിനന്ദിക്കാതെ നിവൃത്തിയില്ല. കണ്ടാമൃഗം തങ്ങളെ ആക്രമിക്കുമോ എന്ന ആശങ്ക പോലുമില്ലാതെയാണ് അവർ രക്ഷാപ്രവർത്തനത്തിന് രണ്ടുംകൽപിച്ചിറങ്ങിയത്. ഇന്ത്യയുടെ സന്പന്നമായ വന്യജീവി പൈതൃകം സംരക്ഷിക്കാനുള്ള ഉദ്യോഗസ്ഥരുടെ ആത്മാർത്ഥമായ ശ്രമത്തെയും പ്രതിബദ്ധതേയുമാണ് സോഷ്യൽമീഡിയയിലൂടെ നിരവധി പേർ അഭിനന്ദിച്ചത്.
പുതുവർഷത്തിലാണ് ഈ വീഡിയോ സോഷ്യൽമീഡിയയിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ പങ്കുവെച്ചത്. വനങ്ങളും വനസംരക്ഷണവും എത്രമാത്രം ഗൗരവമേറിയതാണെന്ന് ഈ ദൃശ്യങ്ങൾ ഓർമപ്പെടുത്തുന്നു. നല്ല രീതിയിൽ വനപാലകർ ഇങ്ങനെ ചെയ്താൽ നമ്മുടെ വന-വന്യമൃഗങ്ങൾക്ക് കൂടുതൽ കാലം നിലനിൽക്കാൻ സാധിക്കുമെന്നുകൂടി ഈ രക്ഷപ്പെടുത്തൽ കാണിച്ചുതരുന്നു. സോഷ്യൽമീഡിയയിൽ ഈ കാഴ്ചകൾ കണ്ടവരും പോസ്റ്റ് വായിച്ചവരുമെല്ലാം നൽകിയിട്ടുണ്ട് ആ കണ്ടാമൃഗത്തെ ചതുപ്പിൽ നിന്നു രക്ഷപ്പെടുത്തിയ ഫുൾ ടീമിനും ഒരു ബിഗ് സല്യൂട്ട്…..
ഋഷി