കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപക്കേസില്‍ കാക്കനാട് ജില്ല ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ വ്യവസായി ബോബി ചെമ്മണൂരിന് ജയില്‍ വകുപ്പ് മധ്യമേഖല ഡിഐജി പി. അജയകുമാര്‍ വഴിവിട്ട നീക്കം നടത്തിയെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.
സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന ഡിഐജി ബോബിയെ കാണാന്‍ ജയിലിലേക്ക് പാഞ്ഞെത്തി. തൃശൂരിലെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയെയും എറണാകുളം ജയിലില്‍ കണ്ടുവെന്നാണ് സ്പെഷല്‍ബ്രാഞ്ച് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുളളവ സഹിതം സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടിലുള്ളത്.
ഡിഐജിക്ക് ഒപ്പമുണ്ടായിരുന്നത് തൃശൂരിലെ “പവര്‍ ബ്രോക്കറെ’ ന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സൂപ്രണ്ടിന്റെ ടോയ്ലറ്റ് ഉള്‍പ്പെടെ ബോബിക്ക് ഉപയോഗിക്കാന്‍ സൗകര്യമൊരുക്കിയെന്നാണ് സ്പെഷല്ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിലുള്ളത്. ജയില്‍ ആസ്ഥാന ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടും ഇന്ന് സര്‍ക്കാരിന് നല്‍കും.
ഡിഐജിയെ പരസ്യമായി ശാസിച്ച് ജയില്‍ മേധാവി
അതേസമയം, സംഭവത്തില്‍ ഡിഐജി അജയകുമാറിനെ ജയില്‍ മേധാവിയായ എഡിജിപി ബല്‍റാം കുമാര്‍ ഉപാധ്യായ പരസ്യമായി ശാസിച്ചുവെന്നാണ് വിവരം.
ഉദ്യോഗസ്ഥ തല യോഗത്തിലാണ് ശാസിച്ചത്. ജയില്‍ സൂപ്രണ്ടിന്റെ ക്വാര്‍ട്ടേഴ്സിലെ മദ്യപാന പരാതി അന്വേഷിക്കാന്‍ പോയതാണെന്നായിരുന്നു ഡിഐജി അജയകുമാറിന്റെ വിശദീകരണം. എന്നാല്‍, സ്വകാര്യ വാഹനത്തില്‍ സ്ത്രീകള്‍ക്കൊപ്പമാണോ കേസ് അന്വേഷണത്തിന് പോയതെന്ന് എഡിജിപി യോഗത്തില്‍ ചോദിച്ചു.
ബന്ധുക്കള്‍ക്കൊപ്പം യാത്ര ചെയ്തപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ ടോയ്ലറ്റ് ഉപയോഗിക്കാന്‍ കയറിയതാണെന്നായിരുന്നു ഡിഐജി ഇതിന് നല്കിയ മറുപടി. തുടര്‍ന്ന് അസംബന്ധം വിളമ്പരുതെന്നും എല്ലാ തെളിവുകളും ഉണ്ടെന്നും എഡിജിപി മറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഡിഐജിയെ പരസ്യമായി ശാസിച്ചുവെന്നാണ് വിവരം.