മുംബൈ: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് കോച്ചായി സിതാൻഷു കോട്ടക്കിനെ ബിസിസിഐ നിയമിച്ചു. കഴിഞ്ഞ നാലു വർഷമായി ഇന്ത്യൻ എ ടീമിന്റെ കോച്ചായി പ്രവർത്തിച്ചുവരികയായിരുന്നു സിതാൻഷു. ഈ മാസം ആരംഭിക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ട്വന്റി-20, ഏകദിന പരന്പരകൾക്കു മുന്നോടിയായി സിതാൻഷു ഇന്ത്യൻ ടീമിനൊപ്പം ചേരും.
കഴിഞ്ഞ ദിവസം ചേർന്ന ബിസിസിഐ റിവ്യൂ മീറ്റിംഗിൽ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ ബാറ്റിംഗ് കോച്ചിനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് ബിസിസിഐ സിതാൻഷുവിനെ നിയമിച്ചതെന്നാണ് സൂചന. ഇന്ത്യൻ എ ടീമിനൊപ്പം ഏറെക്കാലമായുള്ള സിതാൻഷു ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയുടെ ഭാഗവുമാണ്.
ഗൗതം ഗംഭീർ മുഖ്യപരിശീലക സ്ഥാനത്ത് എത്തിയപ്പോൾ മുതൽ ടീം ഇന്ത്യക്കു പ്രത്യേക ബാറ്റിംഗ് പരിശീലകൻ ഇല്ല. ഗംഭീറിന്റെ ശിക്ഷണത്തിൽ ന്യൂസിലൻഡിന് എതിരായ ഹോം ടെസ്റ്റ് പരന്പരയിലും ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ-ഗാവസ്കർ ട്രോഫിയിലും ടീം ഇന്ത്യയുടെ ബാറ്റിംഗ് മോശമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഫുൾടൈം ബാറ്റിംഗ് കോച്ച് എന്ന ആവശ്യം ഉയർന്നതും ഇപ്പോൾ പരിഹരിക്കപ്പെട്ടതും.
2024 നവംബറിൽ ഇന്ത്യ എ ഓസ്ട്രേലിയയിൽ പര്യടനം നടത്തിയപ്പോൾ ടീമിന്റെ മുഖ്യപരിശീലകനായിരുന്നു സിതാൻഷു. 2023 ഓഗസ്റ്റിൽ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം അയർലൻഡിൽ പര്യടനം നടത്തിയപ്പോഴും സിതാൻഷുവായിരുന്നു മുഖ്യ പരിശീലകൻ.
അന്പത്തിരണ്ടുകാരനായ ഇടംകൈ മുൻ ബാറ്റർ ആഭ്യന്തര ക്രിക്കറ്റിൽ സൗരാഷ് ട്രയുടെ ക്യാപ്റ്റനായിരുന്നു. 1992 മുതൽ 2013വരെ ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച സിതാൻഷു, 130 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 15 സെഞ്ചുറിയും 55 അർധസെഞ്ചുറിയും ഉൾപ്പെടെ 8061 റണ്‍സ് സ്വന്തമാക്കി. 41.76 ആയിരുന്നു ബാറ്റിംഗ് ശരാശരി. 2017 ഐപിഎല്ലിൽ ഗുജറാത്ത് ലയണ്‍സിന്റെ അസിസ്റ്റന്റ് കോച്ചായും പ്രവർത്തിച്ചിരുന്നു.