ദാന്പത്യം സന്തോഷകരവും സമാധാനപരവും ആവണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാ ആളുകളും. എന്നാൽ നിങ്ങളുടെ ആഗ്രഹങ്ങൾ എല്ലായ്പ്പോഴും നടക്കണമെന്നുമില്ല. പാലക്ക് എന്ന യുവതിക്ക് വിവാഹശേഷം സംഭവിച്ച ദുരിതവും അത്തരത്തിലൊന്നാണ്. സന്തോഷത്തോടെ കുടും ബ ജീവിതത്തിലേക്ക് പ്രവേശിച്ചതായിരുന്നു 21 കാരിയായ പാലക്. ഭദ്രേഷ് കുമാർ ചേതൻഭായ് പട്ടേലിനെയാണ് പാലക് വിവാഹം ചെയ്തത്.
വിവാഹശേഷം ഇരുവരും അമേരിക്കയിൽ സ്ഥിര താമസമാക്കി. എന്നാൽ കുറച്ച് മാസങ്ങൾക്ക് ശേഷം പാലക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ ഭർത്താവായ ഭദ്രേഷിനെ നിർബന്ധിച്ചുകൊണ്ടിരുന്നു. അയാൾക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ അത്രയ്ക്ക് താൽപര്യം ഉണ്ടായിരുന്നില്ല. ഇക്കാര്യം പറഞ്ഞ് എപ്പോഴും രണ്ടുപേരും തമ്മിൽ കലഹം പതിവായിരുന്നു. അതിനിടയിൽ 2015 ഏപ്രിൽ 12 -ന് പാലകിന്റെ ജീവിതം പോലും തകരാറിലായ അപ്രതീക്ഷിത ദുരന്തം അവളെത്തേടിയെത്തി.
മേരിലാൻഡിലെ ഹാനോവറിലെ ഒരു ഡോണട്ട് ഷോപ്പിലാണ് പാലകും ഭർത്താവും ജോലി ചെയ്തിരുന്നത്. ഒരുദിവസം അയാൾ തന്റെ ഭാര്യയെ ശക്തമായ ഒരു വസ്തു കൊണ്ട് ഒന്നിലധികം തവണ തലയ്ക്കടിക്കുകയും കടയുടെ പിൻമുറിയിൽ വച്ച് കത്തികൊണ്ട് നിരവധി തവണ കുത്തുകയും ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ അവളുടെ ജീവൻ പൊലിഞ്ഞുപോയി.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അയാൾ ഒളിവിൽ പോയി. സംഭവം നടക്കുമ്പോൾ ഇയാൾക്ക് 24 വയസ്സും കൊല്ലപ്പെട്ട ഭാര്യ പാലക്കിന് 21 വയസ്സുമായിരുന്നു പ്രായം. കൊലപാതകത്തിന് ശേഷം കടയുടെ പിൻവാതിലിലൂടെ ഇയാൾ രക്ഷപ്പെടുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ.
ഇപ്പോഴിതാ ഇയാളെ പിടികൂടുന്നവർക്ക് പാരിദോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് യുഎസ്എയുടെ എഫ്ബിഐ അഥവാ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ. എഫ്ബിഐയുടെ റിപ്പോർട്ട് പ്രകാരം, ന്യൂജേഴ്സിയിലെ നെവാർക്കിലാണ് പട്ടേലിനെ അവസാനമായി കണ്ടത്. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് എഫ്ബിഐ 2,50,000 ഡോളർ (2,16,50,150 രൂപ) വരെ പാരിതോഷികം പ്രഖ്യാപിച്ചു.