ഭാര്യ മദ്യപിക്കുമെന്നും അതിനാൽ വിവാഹമോചനം വേണമെന്നും ചൂണ്ടിക്കാട്ടി ഭർത്താവ് നല്കിയ ഹർജി അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് തള്ളി. മദ്യപിച്ചശേഷം അനുചിതവും അപരിഷ്കൃതവുമായ പെരുമാറ്റം ഭാര്യയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ മദ്യപാനം വിവാഹബന്ധം വേർപ്പെടുത്താൻ തക്കതായ ക്രൂരതയായി കണക്കാക്കാനാവില്ലെന്നു നിരീക്ഷിച്ചാണു കോടതി വിധി.
തന്റെ ഭാര്യ മദ്യപിക്കുമെന്നും വീട്ടിൽനിന്ന് ഇറങ്ങിപ്പോയ അവർ സ്വന്തം വീട്ടിലാണു താമസിക്കുന്നതെന്നും മിഡിൽ ക്ലാസ് കുടുംബത്തിന്റെ സംസ്കാരത്തെ അവഹേളിക്കുന്ന ഭാര്യയുടെ ഈ പ്രവർത്തികൾ തന്നെ മാനസികമായി വേദനിപ്പിച്ചുവെന്നും ഹർജിയിൽ ഉണ്ടായിരുന്നു.
ആദ്യം കുടുംബക്കോടതിയിൽ നൽകിയ ഹർജി തള്ളിയതോടെയാണു ഹൈക്കോടതിയെ സമീപിച്ചത്. മദ്യപാനം നിഷിദ്ധമായ ഒരു കാര്യമാണെന്ന കാഴ്ച്ചപ്പാട് ഇടത്തരം കുടുംബങ്ങളിൽ ഉണ്ടെങ്കിലും അത് ക്രൂരതയായി പരിഗണിക്കാനാവില്ലെന്നു ജസ്റ്റീസുമാരായ വിവേക് ചൗധരിയും ഓം പ്രകാശ് ശുക്ലയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.