കാഞ്ഞിരപ്പള്ളി: എതിരാളികളെ ഇടിച്ചുവീഴ്ത്തി കിക്ക് ബോക്സിംഗ് ടൂർണമെന്റിൽ സ്വർണം കരസ്ഥമാക്കി കാഞ്ഞിരപ്പള്ളി സ്വദേശി നിദാ ഫാത്തിമ. വേൾഡ് അസോസിയേഷൻ ഓഫ് കിക്ക് ബോക്സിംഗ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന നാലാമത് വാക്കോ ഇന്ത്യ ഓപ്പൺ ഇന്റർനാഷണൽ കിക്ക് ബോക്സിംഗ് ടൂർണമെന്റിലാണ് നിദാ ഫാത്തിമ സ്വർണ മെഡൽ കരസ്ഥമാക്കിയത്.
44 കിലോയിൽ താഴെയുള്ള ജൂണിയർ കാറ്റഗറി ഫുൾ കോണ്ടാക്ട് വിഭാഗത്തിൽ വിദേശ രാജ്യങ്ങളിലെ താരങ്ങളെ പരാജയപ്പെടുത്തിയാണ് നിദാ സുവർണനേട്ടം കരസ്ഥമാക്കിയത്.
ഫെബ്രുവരി ഒന്നുമുതൽ അഞ്ചുവരെ ഡൽഹി ഇന്ദിരാഗാന്ധി ഇൻഡോർ കോംപ്ലക്സിലായിരുന്നു 20 രാജ്യങ്ങളിലെ താരങ്ങൾ മാറ്റുരച്ചത്. 2024ൽ കോഴിക്കോട്ടു നടന്ന 46 കിലോയിൽ താഴെയുള്ള ഓർഡർ കേഡറ്റ്സ് വിഭാഗത്തിൽ ലൈറ്റ് കോണാക്ട് വിഭാഗത്തിലും തിരുവനന്തപുരത്ത് നടന്ന ഖേലോ ഇന്ത്യ ചാന്പ്യൻഷിപ്പിൽ സ്വർണ മെഡലും കരസ്ഥമാക്കിയിരുന്നു.
എ.എസ്. വിവേക്, ആർ. രാഹുൽ, റെയിസ് എം. സജി, എസ്. ആദർശ്, എം.എസ്. സഞ്ജു എന്നിവരായിരുന്നു കോച്ചുമാർ. ഇതിനകം തന്നെ നിരവധി ജില്ലാ, സംസ്ഥാന തലങ്ങളിൽ വിജയം കരസ്ഥമാക്കിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി കല്ലുങ്കൽ വീട്ടിൽ നിയാസ്-നസിയാ ദമ്പതികളുടെ മകളും കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമാണ് നിദാ.