റായ്പുർ: ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20 ടൂർണമെന്റിൽ കരുത്തരായ ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യ മാസ്റ്റേഴ്സ് ഫൈനലിൽ. 94 റൺസിനാണ് വിജയം. ഇന്ത്യ മാസ്റ്റേഴ്സ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 220 റൺസ്. മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയ മാസ്റ്റേഴ്സ് 11 പന്തു ബാക്കിനിൽക്കെ 126 റൺസിന് പുറത്തായി.
ഏഴു പടുകൂറ്റൻ സിക്സറുകൾ സഹിതം അർധസെഞ്ചറിയുമായി തകർത്തടിച്ച യുവരാജ് സിംഗിന്റെ പ്രകടനമാണ് ഇന്ത്യൻ ഇന്നിംഗ്സിലെ ഹൈലൈറ്റ്. യുവി 30 പന്തിൽ ഒരു ഫോറും ഏഴു സിക്സും സഹിതം 59 റൺസുമായി ഇന്ത്യയുടെ ടോപ് സ്കോററായി. ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ കൂടിയായ സച്ചിൻ തെൻഡുൽക്കർ 30 പന്തിൽ ഏഴു ഫോറുകളോടെ 42 റൺസെടുത്തു.
ഓസ്ട്രേലിയ നിരയിൽ ബെൻ കട്ടിംഗാണ് ടോപ് സ്കോററായത്. 29 പന്തിൽ മൂന്നു വീതം സിക്സും ഫോറും സഹിതം 39 റൺസുമായി ബെൻ പുറത്താകാതെ നിന്നു. ഇന്ത്യ മാസ്റ്റേഴ്സിനായി നാല് ഓവറിൽ ഒരു മെയ്ഡൻ സഹിതം 15 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഷഹബാസ് നദീമിന്റെ പ്രകടനം ശ്രദ്ധേയമായി. ഇന്നു നടക്കുന്ന ശ്രീലങ്ക-വെസ്റ്റിൻഡീസ് രണ്ടാം സെമിഫൈനൽ വിജയികളുമായി ഞായറാഴ്ച ഇന്ത്യ മാസ്റ്റേഴ്സ് കിരീടത്തിനായി പോരാടും.