സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് ഇപ്പോൾ ആരാധകർ കൂടുതലാണ്. അവരുടെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ധാരാളം ആളുകളുമുണ്ട്. അമേരിക്കയിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കെൽസി കോറ്റ്സൂർ പങ്കുവച്ച അനുഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
വാൾമാർട്ട്, എറ്റ്സി, ഈബേ, ആമസോൺ എന്നിവയിലൂടെ അനുവാദമില്ലാതെ തന്റെ കട്ടൗട്ടുകൾ നിർമ്മിച്ച് വിൽക്കുന്ന ഒരു വെബ്സൈറ്റിന്റെ കാര്യമാണ് കെൽസി വെളിപ്പെടുത്തിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ അവൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
പൂർണകായ കട്ടൗട്ടുകളാണ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. തന്റെ അങ്കിളും ആന്റിയും തന്നെ കളിയാക്കുന്നതിന് വേണ്ടി അത് വാങ്ങിയിട്ടുണ്ടെന്നും കെൽസി പറഞ്ഞു. വെബ്സൈറ്റിൽ നിന്നുള്ള സ്ക്രീൻഷോട്ടുകളും അവൾ പങ്കുവച്ചു. അതിൽ അവളുടെ വിവിധ വേഷത്തിലും രൂപത്തിലും ഭാവത്തിലും ഒക്കെയുള്ള കട്ടൗട്ടുകൾ കാണാവുന്നതാണ്.
‘ഹോട്ട് പ്രൊഡക്ട്’ എന്ന് പറഞ്ഞാണ് അവരുടെ കട്ടൗട്ടുകളിൽ ഒരെണ്ണം വിൽപനയ്ക്ക് വച്ചിരിക്കുന്നത്. ‘കെൽസി കോറ്റ്സൂർ (ജീൻസ്) കാർഡ്ബോർഡ് കട്ടൗട്ട്’ എന്നാണ് അതിന് ഡിസ്ക്രിപ്ഷൻ നൽകിയിരിക്കുന്നത്. ആരാണ് ഇത് തന്നോട് ചെയ്തിരിക്കുന്നത് എന്നും കെൽസി ചോദിച്ചു.