പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ‘ആടുജീവിതത്തിന്റെ’ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. മലയാളി സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബ്ലെസി ചിത്രമാണ് ആടുജീവിതം. ഒന്നര മിനിറ്റുള്ള ട്രയിലറാണ് പുറത്തിറങ്ങിയത്.
വിഷ്വൽ റൊമാൻസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രയിലർ റിലീസ് ചെയ്തത്. മാർച്ച് 28 ന് ചിത്രം തിയേറ്ററുകളിൽ എത്തും. നജീബായി വേഷപ്പകർന്നാട്ടത്തിലൂടെ പൃഥ്വിരാജ് വിസ്മയിപ്പിച്ചിരിക്കുകയാണ്. സൗദി അറേബ്യയിലേക്ക് ജോലി തേടി പോകുന്ന നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. കഥാപാത്രത്തിനായി താരം ശാരീരികമായി വരുത്തിയ മാറ്റങ്ങൾ വളരെയേറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അമല പോൾ, ശോഭ മോഹൻ, അപർണ ബാലമുരളി, എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രശസ്ത എഴുത്തുകാരൻ ബെന്യാമിന്റെ നോവലായ ആടുജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വനിതാ ദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പങ്കുവച്ചിരുന്നു.