ഋഷി
ഏതൊരു പെർഫെക്ട് ക്രൈമിലും ഒരു ലൂപ് ഹോൾ ഉണ്ടാകുമെന്നാണ് പറയാറുള്ളത്. ദൈവത്തിന്റെ അദൃശ്യമായ കൈ….
ഇരിങ്ങാലക്കുട കോന്പാറ ആനീസ് കൊലക്കേസിൽ ആ അദൃശ്യമായ കൈ ഇപ്പോഴും ദൃശ്യമായിട്ടില്ല. കേസന്വേഷണങ്ങളിൽ തുന്പും തെളിവുമാകാറുള്ള ആ ലൂപ് ഹോൾ ഇപ്പോഴും കാണാമറയത്താണ്. കൊലപാതകം നടന്ന് എട്ടു മാസം പിന്നിടുന്പോഴും കൊലയാളി അല്ലെങ്കിൽ കൊലയാളി സംഘം അജ്ഞാതരായി കഴിയുന്നു. ഒരുപക്ഷേ ഇന്നേവരെ കേരള പോലീസ് നടത്തിയതിൽ വെച്ചേറ്റവും മികച്ച കേസന്വേഷണമായിട്ടുപോലും ആനീസ് കേസിലെ കുറ്റവാളികളെ പിടികൂടാൻ കഴിയുന്നില്ലെന്നതാണ് ശ്രദ്ധേയം.
ഒരു സിനിമാക്കഥ പോലെ ആനീസ് കൊലക്കേസിന്റെ അന്വേഷണം ഒന്പതാം മാസത്തിലേക്ക് കടന്നിരിക്കുന്നു. അന്വേഷണം മറ്റേതെങ്കിലും ഏജൻസിക്ക് കൈമാറും മുന്പ് അജ്ഞാതനായ അല്ലെങ്കിൽ അജ്ഞാതരായ ആ കൊലയാളികളെ കണ്ടെത്താനായി പോലീസ് ഒരുങ്ങിയിറങ്ങിക്കഴിഞ്ഞു….
ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറാൻ സാധ്യതയേറി
ഇരിങ്ങാലക്കുട കോന്പാറ ആനീസ് കൊലക്കേസിന്റെ അന്വേഷണം പോലീസ് ഉൗർജിതമാക്കി അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കേസന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാനും സാധ്യതയേറി. ഈ പശ്ചാത്തലത്തിലാണ് പോലീസ് അന്വേഷണം കൂടുതൽ ഉൗർജിതമാക്കി വ്യാപിപ്പിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേയ്മസ് വർഗീസിന്റെ ഓഫീസിനു മുകളിൽ പുതിയ കണ്ട്രോൾ റൂം സജ്ജമാക്കി.
ഏറെ കോളിളക്കം സൃഷ്ടിച്ച ജിഷ കൊലക്കസിന്റെയും ചെങ്ങന്നൂർ ജലജ കൊലക്കേസിന്റെയുമൊക്കെ അന്വേഷണസംഘത്തിലുണ്ടായിരുന്ന ക്രൈംബ്രാഞ്ചിലെ സമർഥരായ ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി ആനീസ് കൊലക്കേസിന്റെ അന്വേഷണസംഘം വിപുലപ്പെടുത്തിയിട്ടുണ്ട്.
കൊല്ലപ്പെട്ട ആനീസിന്റെ മകൻ കേസന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറണമെന്നാവശ്യപ്പെട്ടതായും ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയതായും സൂചനകളുണ്ട്. ഇതെത്തുടർന്നാണ് ഇപ്പോൾ കേസന്വേഷിക്കുന്ന ലോക്കൽ പോലീസിന് അവസാന അവസരമെന്ന നിലയ്ക്ക് ഏതാനും ദിവസം കൂടി സമയം നൽകിയിരിക്കുന്നത്.
റൂറൽ എസ്പി വിജയകുമാറിന്റെ മേൽനോട്ടത്തിൽ ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അന്വേഷണം കൂടുതൽ സജീവമാക്കിയിട്ടുണ്ട്.
2019 നവംബർ 14നാണ് ഇരിങ്ങാലക്കുട ഈസ്റ്റ് കോന്പാറയിൽ അറവുശാലയ്ക്ക് സമീപം പരേതനായ കൂനൻ പോൾസണ് ഭാര്യ ആനീസിനെ വീട്ടിലെ ഡ്രോയിംഗ് റൂമിനോടു ചേർന്നുള്ള മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
എട്ടുമാസം പിന്നിടുന്പോഴും എട്ടും പൊട്ടും കിട്ടാതെ
ആനീസ് കൊല്ലപ്പെട്ട് എട്ടുമാസം പിന്നിടുന്പോഴും പ്രതിയിലേക്ക് നയിക്കുന്ന ഒരു തെളിവോ തുന്പോ ലഭിക്കാതെ പോലീസിനെ വട്ടംകറക്കുന്ന കേസായി ഇത് മാറിയിരിക്കുകയാണ്.
കൊല്ലപ്പെട്ട ആനീസിന്റെ ഘാതകൻ അല്ലെങ്കിൽ ഘാതകർ ആരെന്നോ കൊലനടത്തിയത് എന്തിനു വേണ്ടിയെന്നോ ഉള്ള ചോദ്യം ഇപ്പോഴും ഉത്തരമില്ലാതെ നിശ്ചലമായി നിൽക്കുന്നു. മോഷണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിൽ ഉറച്ചു നിൽക്കാൻ പോലീസിന് കഴിയുന്നില്ല.
കാരണം ആനീസ് അണിഞ്ഞിരുന്ന സ്വർണവളകൾ ഒഴികെ വീട്ടിലുണ്ടായിരുന്ന സ്വർണമോ പണമോ നഷ്ടപ്പെട്ടിട്ടില്ലെന്നതു തന്നെ.
എന്തിനു വളകൾ മാത്രം…
അലമാരയിലും മറ്റും വെച്ചിരുന്ന സ്വർണാഭരണങ്ങൾ എടുക്കാതെ ആനീസിന്റെ വളകൾ മാത്രം മോഷ്ടിക്കാൻ കാരണമെന്തായിരിക്കുമെന്ന ചോദ്യമാണ് പോലീസിനു മുന്നിലിപ്പോഴും ഉത്തരം കിട്ടാതെ നിൽക്കുന്നത്.
വളരെ എളുപ്പത്തിൽ ഒരു മോഷ്ടാവിന് എടുത്തുകൊണ്ടുപോകാൻ സാധിക്കുന്ന സ്വർണവും പണവും തൊടാതെ ആനീസ് അണിഞ്ഞിരുന്ന വളകൾ മാത്രം മോഷ്ടാവ് കവർന്നതിന്റെ പിന്നിലെന്തെങ്കിലും കഥയോ രഹസ്യമോ ഉണ്ടോ എന്നാണ് പോലീസ് ചികയുന്നത്.
വളരെ ടൈറ്റായി കൈയിലണിഞ്ഞിരുന്ന ആ വളകൾ മാറ്റി പുതിയത് വാങ്ങിയിടാൻ മക്കൾ പറഞ്ഞിട്ടുപോലും ആനീസ് തയ്യാറായിരുന്നില്ലെന്നും പറയുന്നു. ആനീസിന് വളരെ അറ്റാച്ച്മെന്റുള്ള ആ വളകളാണു നഷ്ടപ്പെട്ടത്. ആനീസിനെ പോലെ തന്നെ ആ വളകളോട് അറ്റാച്ച്മെന്റുള്ള ആരെങ്കിലുമാണോ കൃത്യത്തിനു പിന്നിലെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പോലീസിനെ കുഴയ്ക്കുന്നത്
പോലീസിന് ഒരു തെളിവുപോലും നൽകാതെ നടന്ന കൊലപാതകമാണ് കോന്പാറ ആനീസ് കൊലക്കേസ്. സിസി ടിവി ദൃശ്യങ്ങളോ ദൃക്സാക്ഷികളോ ഇതുവരെയും ഉണ്ടായിട്ടില്ല. സാധാരണ കൊലപാതകം നടന്ന സ്ഥലത്തു നിന്നും ലഭിക്കുന്ന സൂചനകളോ തുന്പുകളോ തെളിവുകളോ വിരലടയാളമോ ഒന്നും ഈ കേസുകളിൽ സഹായകമായിട്ടില്ല.
ഇത് ബോധപൂർവം ചെയ്തതാണോ അതോ അവിചാരിതമായി സംഭവിച്ചതാണോ എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. ഒരു പ്രഫഷണൽ മോഷ്ടാവ് മനഃപൂർവം തെളിവുകൾ അവശേഷിപ്പിക്കാതെ നടത്തിയ മോഷണവും കൊലപാതകവുമാണോ ഇതെന്ന് ആദ്യം സംശയമുണ്ടായിരുന്നുവെങ്കിലും അങ്ങനെയല്ലെന്ന നിഗമനത്തിലേക്കാണു കാര്യങ്ങളെത്തിയത്.
മറ്റു മോഷ്ടാക്കളോടും ക്രിമിനലുകളുകളോടും പോലീസ് നടത്തിയ അന്വേഷണത്തിലും ചർച്ചയിലുമാണ് പോലീസിനു കൃത്യത്തിന് പിന്നിൽ പ്രഫഷണൽ സംഘങ്ങളല്ലെന്ന തോന്നലുണ്ടായത്. ആലീസിന്റെ വീട്ടിൽ നിന്നു യാതൊരു തെളിവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല.
ആയുധം പൊതിഞ്ഞു കൊണ്ടുവന്നതാണെന്ന് സംശയിക്കുന്ന ഒരു മലയാള ദിനപത്രത്തിന്റെ തൃശൂർ എഡിഷന്റെ പേജു മാത്രമാണ് ഇതുവരെ പോലീസിന് ലഭിച്ചത്. ആയുധം കണ്ടെത്താൻ സമീപപ്രദേശങ്ങളിലെല്ലാം കാടും പടല ും വെട്ടിത്തെളിച്ചു തിരച്ചിൽ നടത്തിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.
കൊലപാതകം നടന്ന വീട്ടിലോ അയൽപക്കങ്ങളിലോ സിസി ടിവി കാമറ ഇല്ല. വീട്ടിലേക്കുള്ള വഴിയിലുള്ള സിസി ടിവി കാമറകളിലെ ദൃശ്യങ്ങളും ചാനലുകാർ പകർത്തിയ ദൃശ്യങ്ങളുമെല്ലാം പോലീസ് പരിശോധിച്ചെങ്കിലും സൂചനകളിലേക്കെത്തുന്നതൊന്നും കിട്ടിയില്ല. മണം പിടിച്ചോടിയ പോലീസ് നായയ്ക്കും കാര്യമായൊന്നും ചെയ്യാനായില്ല.
അന്യസംസ്ഥാനക്കാർ, ആനീസിന്റെ ലൗ ബേർഡ്സ് ബിസിനസിലെ ഇടപാടുകാർ, ബന്ധുക്കൾ തുടങ്ങി നിരവധി പേരെ കൊലക്കേസുമായി ബന്ധപ്പെട്ട് പോലീസ് വിശദമായി ചോദ്യം ചെയ്തെങ്കിലും പ്രതികളിലേക്കുള്ള സൂചനകൾ ലഭിച്ചിട്ടില്ല..
(തുടരും)