ന്യൂഡൽഹി: അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി 14 ന് ഉദ്ഘാടനംചെയ്യും. യുഎഇ തലസ്ഥാനമായ അബുദാബിയിൽ അബു മുറൈഖയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഇന്ത്യയ്ക്ക് പുറത്ത് നിർമിക്കുന്ന ഏറ്റവും വലിയ ക്ഷേത്രമാണ് അബുദാബിയിലെ ബാപ്സ് ഹിന്ദു മന്ദിർ. 5.4 ഹെക്ടർ ഭൂമിയിൽ 700 കോടി രൂപ ചെലവിലാണ് ക്ഷേത്രം പണിയുന്നത്. 5,000 പേരേ ഉൾക്കൊള്ളാവുന്ന ഹാളും ഭക്ഷണശാലയും ലൈബ്രറിയുമുൾപ്പെടെ ക്ഷേത്രത്തിൽ സജീകരിച്ചിട്ടുണ്ട്.
2015 ൽ മോദി ആദ്യമായി സന്ദർശിച്ചപ്പോഴാണ് ക്ഷേത്രത്തിന് സ്ഥലം വിട്ടുനൽകാൻ യുഎഇ ഭരണകൂടം അനുമതി നൽകിയത്. 2019 ഡിസംബറിലാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.