സിജോ പൈനാടത്ത്
കൊച്ചി: വൈദ്യുതിവകുപ്പിലെ കരാര്‍ തൊഴിലാളികള്‍ക്ക് ജോലിക്കിടെ അപകടമോ അപകട മരണമോ സംഭവിച്ചാല്‍ പൂര്‍ണമായ ഉത്തരവാദിത്തം കരാറുകാരനെന്ന് കെഎസ്ഇബി.
അഞ്ചു ലക്ഷം രൂപയ്ക്കു മുകളിലുള്ള കരാര്‍ ജോലികള്‍ ഏറ്റെടുത്തിട്ടുള്ള കരാറുകാര്‍, തൊഴിലാളികളുടെ അപകട ഇന്‍ഷ്വറന്‍സ് ഉറപ്പുവരുത്താനുള്ള ബാധ്യതയുണ്ടെന്നു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്കു മറുപടിയായി കെഎസ്ഇബി വ്യക്തമാക്കി.
ജോലിക്കിടെ അപകടത്തില്‍പ്പെടുന്ന കെഎസ്ഇബി കരാര്‍ തൊഴിലാളികള്‍ നഷ്ടപരിഹാരത്തിനായി നെട്ടോട്ടമോടുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെയാണു കെഎസ്ഇബിയുടെ വിശദീകരണം. 1923 ലെ തൊഴിലാളി നഷ്ടപരിഹാര നിയമം അനുസരിച്ചാണു അപകടത്തിലും അപകട മരണത്തിലും ഉള്‍പ്പെടുന്ന തൊഴിലാളികള്‍ക്കു നഷ്ടപരിഹാരം നിശ്ചയിക്കുന്നത്.
എന്നാല്‍ നഷ്ടപരിഹാര തുകയുടെ കാര്യത്തില്‍ വ്യക്തയില്ലാത്തത് തൊഴിലാളികളെ വലയ്ക്കുന്നുണ്ട്.അര്‍ഹമായ നഷ്ടപരിഹാരത്തിനു കാലതാമസം നേരിട്ടാല്‍, എംപ്ലോയിസ് കോമ്പന്‍സേഷന്‍ കമ്മീഷണറുടേയോ കോടതികളുടെയോ തീരുമാനത്തിനു വിധേയമായി നഷ്ടപരിഹാര തുകയുടെ 12 ശതമാനം പലിശയുള്‍പ്പടെ നല്‍കണമെന്നും വ്യവസ്ഥയുണ്ട്.
അതേസമയം വൈദ്യുതി വകുപ്പില്‍ അഞ്ചു ലക്ഷം രൂപയ്ക്കു താഴെ അടങ്കല്‍ തുകയുള്ള കരാര്‍ ജോലികള്‍ക്കിടെ, തൊഴിലാളികള്‍ക്ക് അപകടമോ അപകട മരണമോ സംഭവിച്ചാല്‍, നഷ്ടപരിഹാരം കെഎസ്ഇബി നല്‍കുമെന്നും ബോര്‍ഡ് വ്യക്തമാക്കി.
മാസവേതനത്തിനും പ്രായത്തിനും ആനുപാതികമായ നഷ്ടപരിഹാരമാണ് അവര്‍ക്കു നല്‍കുകയെന്ന് കൊച്ചി സ്വദേശി രാജു വാഴക്കാലയ്ക്കു കെഎസ്ഇബി ആസ്ഥാനത്തുനിന്നു ലഭിച്ച വിവരാവകാശ മറുപടിയില്‍ പറയുന്നു. മൃതസംസ്കാര ചെലവിലേക്ക് 5000 രൂപയും ബോര്‍ഡ് നല്‍കും.