തെന്മല : സ്വന്തം കൊച്ചു മകന് നേരെ ആസിഡ് ആക്രമണം നടത്തിയ മുത്തച്ഛനും പിതാവും പിടിയില്‍. തെന്മല ഒറ്റക്കൽ പാറക്കടവിൽ നെല്ലിക്കൽ വീട്ടിൽ വാസു, അനിൽ എന്നിവരാണ് തെന്മല പോലീസിന്റെ പിടിയിലായത്.
ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. വാസുവിന്റെ കൊച്ചുമകനും അനിലിന്റെ മകനുമായ ഇരുപത്തിനാലുകാരൻ സുജിത്തിന്റെ മുഖത്താണ് ആസിഡ് കൊണ്ട് ആക്രമിച്ചത്.
മുഖത്തു പൊള്ളലേറ്റ സുജിത് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബപ്രശ്നങ്ങളാണ് ആസിഡ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു.
സംഭവത്തെ കുറിച്ച് പോലീസ് ഭാഷ്യം ഇങ്ങനെ: സുജിത്തിന്റെ അച്ഛൻ ഭാര്യയുമായി പിരിഞ്ഞു കഴിയുകയും, മറ്റൊരു സ്ത്രീയുമായി താമസം തുടങ്ങുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിൽ അച്ഛനും മകനുമായി തെറ്റി പിരിയുകയും വൈരാഗ്യത്തിൽ എത്തുകയും ചെയ്തു. സംഭവം നടന്ന ദിവസം രാവിലെ അനിലും മകൻ സുജിത്തും മറ്റൊരു മകനായ അജിത്തും തമ്മിൽ കൂട്ട തല്ലുണ്ടാവുകയും ഇതിനിടയിൽ വന്ന അനിലിന്റെ അച്ഛൻ വാസു സുജിത്തിന്റെ മുഖത്തു ആസിഡ് ഒഴിക്കുകയും ആയിരുന്നു.
പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ളതിന് കേസെടുത്തു. ആസിഡ് ഏതു തരത്തിൽ ഉള്ളതാണെന്നും എവിടെ നിന്നും ലഭ്യമായി എന്നതും അടക്കമുള്ള വിഷയങ്ങൾ പോലീസ് അന്വേഷണം നടത്തി വരികയാണ്. ഫോറൻസിക് വിദഗ്ധരും സംഭവ സ്ഥലത്തു എത്തി പരിശോധന നടത്തി.