അഹമ്മദാബാദ്: തുറമുഖങ്ങളും ഖനികളും മുതല്‍ വിമാനത്താവളങ്ങളുടെ വരെ നടത്തിപ്പു ചുമതലയടക്കം സ്വന്തമാക്കിയ അദാനി ഗ്രൂപ്പ് കടബാധ്യതകള്‍ തീർക്കാൻ 30,000 കോടി വായ്പയെടുക്കുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കമ്പനി നടത്തിയ ഏറ്റെടുക്കലുകള്‍ക്കു പിന്നാലെയുണ്ടായ കടമാണിതെന്നു പറയുന്നു. അംബുജ സിമന്റ്സിനെയടക്കം ഏറ്റെടുത്ത അദാനി ഗ്രൂപ്പിന് ഇതുമായി ബന്ധപ്പെട്ടു സാമ്പത്തിക ഞെരുക്കമുണ്ടായി.
ഏറെ കോളിളക്കം സൃഷ്ടിച്ച ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ കമ്പനി വലിയ തിരിച്ചടികളും നേരിട്ടു.സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, ഡ്യൂഷേ ബാങ്ക്, ബാര്‍ക്ലെയ്സ് തുടങ്ങി ആഗോളതലത്തില്‍ മുന്‍നിരയില്‍ നില്ക്കുന്ന ബാങ്കുകളാകും അദാനി ഗ്രൂപ്പിന് വായ്പ നല്‍കുകയെന്നും ബിഎന്‍പി പാരിബാസ്, ക്യുഎന്‍ബി എന്നിവയും ഇക്കൂട്ടത്തിലുള്‍പ്പെടുന്നുണ്ടെന്നും ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകളിൽ വ്യക്തമാക്കുന്നു.
ഗ്രൂപ്പിന് വായ്പ അനുവദിച്ചാല്‍ ഏഷ്യയില്‍ തന്നെ ഈവര്‍ഷം വിതരണം ചെയ്ത വലിയ വായ്പകളുടെ പട്ടികയില്‍ ഇതും ഇടംപിടിച്ചേക്കും.അംബുജ, എസിസി എന്നീ സിമന്റ് കമ്പനികളുടെ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് രണ്ട് ബില്യണ്‍ യുഎസ് ഡോളറിന്റെ വായ്പ കന്പനി തിരിച്ചടച്ചിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് സ്വിറ്റ്സര്‍ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോള്‍സിം എന്ന കമ്പനിയില്‍ നിന്നും അംബുജ, എസിസി എന്നീ സിമന്റ് ബ്രാന്‍ഡുകളെ 10.5 ബില്യണ്‍ യുഎസ് ഡോളറിന് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്.