1926 മാർച്ച് ഒന്നിന് തമിഴ്നാട്ടിലെ കടലൂരിലാണ് മസ്താൻ മിർസ എന്ന ഹാജി മസ്താന്റെ ജനനം. എട്ടാമത്തെ വയസിൽ ബോംബെയിൽ അച്ഛൻ ഹൈദർ മിർസയോടൊപ്പം ജോലി ചെയ്യാനായി വന്നതാണ് മസ്താൻ.
അന്നു മസ്താന്റെ അച്ഛനു ബോംബെയിലെ ക്രാഫോർഡ് മാർക്കറ്റിൽ സൈക്കിൾ റിപ്പയർ ഷോപ്പുണ്ട്. ആദ്യത്തെ ഒരു പത്തു കൊല്ലം അച്ഛനെ സഹായിച്ചുകൊണ്ട് ആ കടയിൽ നിന്നു.
അതിനിടെ, മസ്താൻ ഹിന്ദിയും മറാത്തിയും അടക്കം പല ഭാഷകളും പഠിച്ചെടുത്തു. മസ്താൻ രാവിലെ മുതൽ രാത്രിവരെ കടയിൽ കഴിച്ചുകൂട്ടുമായിരുന്നു.
ചെറുപ്പം മുതൽ ആഡംബരത്തോടു വലിയ കന്പമായിരുന്നു മസ്താന്. നല്ല വൃത്തിയായി നടക്കാനും ആഷ്പുഷ് ജീവിതം നയിക്കാനും അതിയായ ആഗ്രഹം.
കടയിലിരുന്നു ജോലി ചെയ്യുന്പോഴും കടയ്ക്കു മുന്നിലൂടെ പോകുന്ന ആഡംബര വാഹനങ്ങളിലും സന്പന്നരിലും മസ്താന്റെ കണ്ണുടക്കിയിരുന്നു.
എന്നെങ്കിലുമൊരു നാൾ അവരെപ്പോലെ തനിക്കും ആകാൻ കഴിയുമെന്നു മസ്താൻ പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷ വെറുതെയായില്ല എന്നു മാത്രമല്ല, മസ്താന്റെ ജീവിതം പലരിലും അസൂയ ഉളവാക്കി എന്നു തന്നെ പറയാം.
ചുമട്ടു തൊഴിലിലേക്ക്
1944ൽ തന്റെ പതിനെട്ടാമത്തെ വയസിൽ മസ്താൻ ബോംബെയിലെ മസ്ഗാവ് ഡോക്കിൽ ചുമട്ടു തൊഴിലാളിയായി. അന്നത്തെ മസ്ഗാവ് ഡോക്ക് വളരെ തിരക്കുള്ള തുറമുഖമായിരുന്നു.
നിറയെ ചരക്കുകളുമായി വിദേശങ്ങളിൽനിന്നു മറ്റുമൊക്കെ കപ്പലുകൾ അവിടെ വന്നടുത്തിരുന്നു. കപ്പലിൽനിന്നുമുള്ള കയറ്റിറക്ക് ജോലിയിൽ മസ്താനും വ്യാപൃതനായി.
ഇതിനിടെ, ഡോക്കിലെ കസ്റ്റംസ് ഓഫീസർമാരുമായും സ്ഥിരം വന്നുപോവുന്ന യാത്രക്കാരുമായുമൊക്കെ പുതിയ ബന്ധങ്ങൾ സ്ഥാപിക്കാൻ മസ്താനായി. ഡോക്കിൽ ജോലിക്കെത്തിയതോടെ അയാളുടെ ജീവിതം മറ്റൊരു വഴിത്തിരിവിലെത്തിയെന്നു പറയാം.
ഷേഖിന്റെ സ്വർണബിസ്കറ്റ്
മുഹമ്മദ് അൽ ഗാലിബ് എന്ന അറബ് ഷേഖിനെ മസ്താൻ പരിചയപ്പെടുന്നതോടെയാണ് ജീവിതം മാറിമറിയുന്നത്. അന്നു കപ്പലുകളിൽ ധാരാളം സ്വർണ ബിസ്ക്കറ്റുകളും വിദേശ വാച്ചുകളും ഇലക്ട്രോണിക്സ് സാധനങ്ങളുമൊക്കെ ഡോക്കിൽ എത്തിയിരുന്നു.
ഇവയ്ക്കെല്ലാം കനത്ത നികുതി നൽകിയാലേ പുറത്തെത്തിക്കാൻ കഴിയുമായിരുന്നുള്ളൂ. കപ്പലുകളിലെത്തിക്കുന്ന സാധനങ്ങളും മറ്റും നികുതിയടയ്ക്കാതെ പുറത്തെത്തിച്ചു കൊടുക്കാൻ ചില ചുമട്ടുതൊഴിലാളികൾ സഹായിക്കുമായിരുന്നു.
ചുമട്ടു തൊഴിലാളികളെ കാര്യമായി പരിശോധന നടത്താറില്ലായിരുന്നു എന്നതാണ് ഇതിനു മറയായിരുന്നത്.ഷേഖ് വിദേശത്തുനിന്നു കപ്പലിൽ സ്വർണബിസ്കറ്റുകൾ ഇന്ത്യയിലേക്കു കൊണ്ടുവരുമായിരുന്നു.
ഇങ്ങനെ കൊണ്ടുവന്ന ബിസ്കറ്റ് പെട്ടികൾ ഒന്നും രണ്ടുമായി തലയിൽ ചുമന്ന് ആരും കാണാതെ പുറത്തു കടത്തിക്കൊടുക്കുമോയെന്നു ഷേഖ് മസ്താനോടു ചോദിച്ചു.
അയാൾ സമ്മതിച്ചു. അങ്ങനെ സ്വർണ ബിസ്കറ്റ് അടങ്ങിയ പെട്ടികൾ ഇടയ്ക്കിടെ കസ്റ്റംസിന്റെ കണ്ണുവെട്ടിച്ചു മസ്താൻ പുറത്തെത്തിച്ചു കൊടുത്തു. ഇതോടെ ഷേഖും മസ്താനും തമ്മിലുള്ള ബന്ധം വളർന്നു. ഒാരോ കടത്തിനും ലാഭത്തിന്റെ പത്തു ശതമാനം കമ്മീഷൻ ഷേഖ് മസ്താനു കൊടുത്തിരുന്നു.
ജയിലിലായ ഷേഖ്
ഒരിക്കൽ കള്ളക്കടത്തിൽ ഷേഖ് മുംബൈ കസ്റ്റംസിന്റെ പിടിയിൽപ്പെട്ടു ജയിലിലായി. ഷേഖ് ജലിലായതിന്റെ പിറ്റേന്നു ഡോക്കിൽ ഷേഖിന്റെ പേരിൽ ഒരു പെട്ടി വന്നു.
മസ്താൻ ആ പെട്ടി തന്ത്രപരമായി പുറത്തുകടത്തി. തുറന്നു പോലും നോക്കാതെ തന്റെ ചേരിയിലെ വീടിനുള്ളിൽ പൂഴ്ത്തിവച്ചു. മൂന്നു വർഷം ഗാലിബ് ഷേഖ് ജയിലിൽ കഴിഞ്ഞു.
ഇത്രയും കാലം ആ പെട്ടി ഒരാളുമറിയാതെ സുരക്ഷിതമായി മസ്താൻ സൂക്ഷിച്ചു. ശിക്ഷ കഴിഞ്ഞു ജയിലിൽനിന്ന് ഇറങ്ങിയ ഷേഖ് നേരെ വന്നതു മസ്താന്റെ അടുത്തേക്കായിരുന്നു.
(തുടരും)
തയാറാക്കിയത്: എൻ.എം