അടിമാലി: മാതാപിതാക്കൾ ആശുപത്രിയിലായതോടെ ആരും സംരക്ഷിക്കാനില്ലാതിരുന്ന ഭിന്നശേഷിക്കാരനായ ഇരുപത്തിയൊന്നുകാരന് കോതമംഗലം പീസ്വാലി തണലേകി. കല്ലാർകുട്ടി കാലായിൽ ബാബു-ബിന്ദു ദന്പതികളുടെ മകനാണ് സെറിബ്രൽ പാൾസി ബാധിതനായ ബിബിൻ.
എലിപ്പനി ബാധിച്ച് അച്ഛൻ ബാബുവിനെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും അമ്മ ബിന്ദു ആശുപത്രിയിലായതോടെയാണ് ബിബിൻ ഒറ്റയ്ക്കായത്.
പ്രാഥമിക കാര്യങ്ങൾക്കുപോലും മറ്റൊരാളുടെ സഹായം ആവശ്യമുള്ള ബിബിന്റെ അവസ്ഥ ഇതോടെ പരിതാപകരമായി.
ബാബുവിന്റെ മൂന്ന് സഹോദരങ്ങളും ഒരു സഹോദരിയും മാസങ്ങളുടെ ഇടവേളകളിൽ ഹൃദയാഘാതം മൂലം മരിച്ചതിനാൽ ബന്ധുവീടുകളിലും അഭയം നൽകാനാവാത്ത അവസ്ഥയായിരുന്നു.
നാലു വയസുകാരി ഇളയ കുട്ടിയെ അയൽവീടുകളിൽ ഏല്പിച്ചാണ് ബിന്ദു ആശുപത്രിയിലേക്ക് പോയത്. ബിബിന്റെ ദുരവസ്ഥയ്ക്കു പരിഹാരം തേടി സമീപവാസികൾ കോതമംഗലം പീസ്വാലിയെ സമീപിച്ചു.
മാതാപിതാക്കൾ ജീവിച്ചിരിക്കുന്നതിനാൽ ഏറ്റെടുക്കുന്നതിലെ സാങ്കേതികത്വം പീസ്വാലി അധികൃതർ നാട്ടുകാരെ അറിയിച്ചു.
ഇതോടെ മാതാവ് ബിന്ദു തന്റെ മകനെ സംരക്ഷിക്കാൻ നടപടി വേണമെന്ന് കാണിച്ച് ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമക്ക് അപേക്ഷ നൽകി.
സബ് കളക്ടർ വെള്ളത്തൂവൽ വില്ലേജ് ഓഫീസർ വഴി ഇവരുടെ അവസ്ഥ മനസിലാക്കി, അപേക്ഷക ഇതിന് അർഹയാണെന്ന് വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകി.
തുടർന്ന് കുട്ടിയെ ഏറ്റെടുക്കാൻ പീസ്വാലിക്ക് സബ് കളക്ടർ രേഖാ മൂലം അനുമതി നൽകി.ഇതോടെ നിയമക്കുരുക്കിന് പരിഹാരമായി ബിബിൻ പീസ്വാലിയിൽ എത്തി. ബാബുവിനു ഇനി തുടർച്ചയായി ഡയാലിസിസ് വേണ്ടതിനാൽ നിരന്തരം ആശുപത്രിയിൽ പോകേണ്ടി വരുന്പോൾ ബിബിൻ അനാഥനാകുന്ന അവസ്ഥയ്ക്ക് ഇതോടെ പരിഹാരമായി.
പീസ്വാലി ഭാരവാഹികളായ കെ. എം. അജാസ് , പി.എം. അഷ്റഫ്, പി.എം. ഷംസുദീൻ, ഷെഫിൻ നാസർ എന്നിവരാണ് ബിബിനെ ഏറ്റെടുക്കാൻ എത്തിയത്.