സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: ആത്മഹത്യയ്ക്ക് ശ്രമിച്ച നടി അന്പിളി ദേവിയുടെ ഭർത്താവും നടനുമായ ആദിത്യൻ ജയൻ അപകടനില തരണം ചെയ്തതായി മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.
ഇന്നലെ വൈകീട്ട് തൃശൂർ സ്വരാജ് റൗണ്ടിൽ നടുവിലാലിന് സമീപം കൈഞരന്പ് മുറിച്ച നിലയിൽ ആദിത്യനെ കാറിനകത്ത് കണ്ടെത്തുകയായിരുന്നു. നിർത്തിയിട്ട കാറിൽ തളർന്ന് കിടന്നിരുന്നത് കണ്ട് നോക്കിയവരാണ് ആദിത്യനാണെന്ന് അറിഞ്ഞത്.
പോലീസെത്തി ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ആദിത്യനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കൈഞരന്പ് മുറിച്ചതിനു പുറമെ ആദിത്യൻ അമിതമായി ഉറക്ക ഗുളികകൾ കഴിച്ചിരുന്നതായി പരിശോധനയിൽ മനസിലായി.
ഇന്നലെ മുഴുവൻ അബോധാവസ്ഥയിലായിരുന്ന ആദിത്യന് ഇന്നു രാവിലെയാണ് ബോധം തിരിച്ചുകിട്ടിയത്.അപകട നില തരണം ചെയ്തതിനെ തുടർന്ന് ആദിത്യനെ മെഡിസിൻ വാർഡിലേക്ക് മാറ്റി. സുഹൃത്തുമാത്രമാണ് ആദിത്യന്റെ കൂടെയുള്ളത്. വീട്ടുകാർ രാവിലെ വരെ എത്തിയിട്ടില്ല.
നടിയും ഭാര്യയുമായ അന്പിളി ദേവിയുമായുള്ള തർക്കങ്ങളും സമീപ ദിവസങ്ങളിലും ഏറെ ചർച്ചയായിരുന്നു. ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും വിവാഹബന്ധം ഒഴിയണമെന്ന് തന്നോട് ആവശ്യപ്പെടുന്നതായും ആദിത്യൻ തന്നെ ഭീഷണിപ്പെടുത്തിയതായും അന്പിളി ദേവി ആരോപിക്കുകയും ഇതെല്ലാം ആദിത്യൻ നിഷേധിക്കുകയും ചെയ്തിരുന്നു. സോഷ്യൽമീഡിയയിൽ ഇത് ചർച്ചയായി തുടരുന്നതിനിടെയാണ് ഇപ്പോൾ ആദിത്യന്റെ ആത്മഹത്യാശ്രമം.