പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നും ഇതുമായി ബന്ധപ്പെട്ടു സര്‍ക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 26നു രാവിലെ 10.30ന് പത്തനംതിട്ട കളക്ടറേറ്റിലേക്ക് ഡിസിസിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും.
കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരന് ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിക്കും.
പത്തിന് പത്തനംതിട്ട അബാന്‍ ജംഗ്ഷനില്‍ നിന്ന് പ്രതിഷേധ മാര്‍ച്ച് ആരംഭിക്കും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യയെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്ത് ദിവസങ്ങളായിട്ടും അറസ്റ്റ് ചെയ്യാതിരിക്കുന്ന നടപടി കുടുംബത്തോടു കാട്ടുന്ന കടുത്ത അനീതിയാണെന്നും ഇക്കാര്യത്തില്‍ സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണം പ്രഹസനമാണെന്നും ഡിസിസി കുറ്റപ്പെടുത്തി.